എല്ലാ വര്‍ഷവും ജൂലൈ 22നാണ് രാജ്യമാകെ ദേശീയ മാമ്പഴ ദിനം ആഘോഷിക്കുന്നത്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴത്തിന്റെ വിവിധ വകഭേദങ്ങള്‍ രാജ്യമാകെ ലഭ്യമാണ്. 1987ല്‍ നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയായിരുന്നു ദേശീയ മാമ്പഴ ദിനം എന്ന ആശയം അവതരിപ്പിച്ചത്. ദേശീയ മാമ്പഴ ദിനത്തില്‍ മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങളെ പറ്റി മനസിലാക്കാം.
ര്‍അക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം,മഗ്‌നീഷ്യം,വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് മാമ്പഴം. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാമ്പഴത്തിലെ മഗ്‌നീഷ്യം നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ തന്നെ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും മാമ്പഴം സഹായിക്കും. ധാരാളം ജലാംശവും മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ ബി 6 മാമ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹോര്‍മോണുകളെ നിയന്ത്രിക്കാനും പിഎംഎസ് കുറയ്ക്കാനും ഇത് സഹായിക്കും.
മാമ്പഴത്തിലെ വിറ്റാമിന്‍ സി മുടിയുടെയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കലോറി കുറവായതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഇതിലെ നാരുകള്‍ വിശപ്പ് കുറയ്ക്കുകയും ചെയ്യും. വിറ്റാമിന്‍ സി ഉള്ളതിനാല്‍ മാമ്പഴം പ്രതിരോധശേഷി നല്‍കും. ഫോളേറ്റ്,വിറ്റാമിന്‍ സി,കോപ്പര്‍ തുടങ്ങി പോഷകങ്ങളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.