പനി കൂടി, ഒപ്പം ആന്റി ബയോട്ടിക് ഉപയോഗവും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഞായര്‍, 2 ജൂലൈ 2023 (11:43 IST)
സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്റി ബയോട്ടിക്കുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്. ആളുകള്‍ വൈറല്‍ പനിക്ക് പൊലും കുറിപ്പുകളില്ലാതെ തന്നെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും ആന്റി ബയോട്ടിക്കുകള്‍ വാങ്ങുന്ന സ്ഥിതിയാണ്. ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം രോഗാണുക്കള്‍ക്ക് മരുന്നുകള്‍ക്ക് മേലെ പ്രതിരോധ ശേഷി നല്‍കുകയും ഇത് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍. പനിക്ക് മരുന്നെന്ന രീതിയില്‍ ആന്റി ബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
 
ഡോക്ടര്‍മാരുടെ കുറിപ്പുകളില്ലാതെ ആന്റി ബയോട്ടിക് വാങ്ങുന്നത് പോലെ തന്നെ വയറിളക്ക കേസുകളില്‍ പോലും ആന്റി ബയോട്ടിക്കുകള്‍ കുറിക്കുന്ന ഡോക്ടര്‍മാരുണ്ട്. ഗുരുതരമായ രോഗാണുക്കളെ പ്രതിരോധിക്കുന്ന ജീവന്‍ രക്ഷാമരുന്നുകളാണ് ആന്റിബയോട്ടിക്കുകള്‍. അതിനാല്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം വളരെ കരുതലോടെ മാത്രമാണ് ഇവ ഉപയോഗിക്കേണ്ടത്. വൈറല്‍ പനി,ജലദോഷം എന്നിവയ്ക്ക് ആന്റിബയോട്ടിക്കിന്റെ ആവശ്യമില്ല. അത്തരത്തില്‍ ആന്റി ബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നത് രോഗാണുക്കള്‍ക്ക് മരുന്നിന്റെ മുകളില്‍ പ്രതിരോധശേഷി ഉയര്‍ത്താനാകും ഉപകരിക്കുക.
 
ഗര്‍ഭിണിമാരും മുലയൂട്ടുന്ന അമ്മമാരും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്. ഇവയില്‍ പലതും ഗര്‍ഭസ്ഥ ശിശുവിന്റെയും നവജാത ശിശുവിന്റെയും വളര്‍ച്ചയേയും അവയവ രൂപീകരണത്തെയും ബാധിച്ചേക്കാം. ഡെങ്കി,ചിക്കന്‍ പോക്‌സ് തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്കും ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ടതില്ല. പക്ഷേ ഇതൊന്നും പരിഗണിക്കപ്പെടാറില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് കട്ട് ചെയ്യുമെന്ന് മുന്നറിയിപ്പുകളുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍