പരീക്ഷാക്കാലമെന്നാല്‍ കുട്ടികളെ പോലെ തന്നെ ടെന്‍ഷന്‍ അനുഭവിക്കുന്നവരാണ് മാതാപിതാക്കളും. പരീക്ഷാക്കാലത്ത് കുട്ടികളില്‍ അമിതമായി സമ്മര്‍ദ്ദം അനുഭവപ്പെടാതിരിക്കാനും ഒപ്പം ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കാന്‍ ഈ കാലയളവില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. പല രക്ഷിതാക്കളും ഓര്‍മശക്തിയ്ക്ക് വേണ്ടി ഏതെല്ലാാം ഭക്ഷണങ്ങളും മരുന്നുകളും നല്‍കണം എന്നീ കാര്യങ്ങളെല്ലാം ചോദിച്ചറിയാറുണ്ട്.
എന്നാല്‍ കുട്ടികള്‍ക്ക് പരീക്ഷാകാലത്ത് നമ്മള്‍ നല്‍കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. നമ്മള്‍ പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ നില്‍ക്കണമെങ്കില്‍ തലച്ചോറിന് കൃത്യമായ ഊര്‍ജം ആവശ്യമാണ്. അതിനാലാണ് പരീക്ഷാക്കാലത്ത് നല്‍കേണ്ട ഭക്ഷണങ്ങള്‍ പ്രധാനമാകുന്നത്. അതുപോലെ തന്നെ കുട്ടികള്‍ക്ക് നല്‍കേണ്ടാത്ത ഭക്ഷണങ്ങളെ പറ്റിയും നമ്മള്‍ അറിയേണ്ടതുണ്ട്.
കുട്ടികള്‍ക്ക് അഞ്ചോ ആറോ നേരങ്ങളിലായി ഭക്ഷണം കുറച്ച് കുറച്ചായി നല്‍കുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ ചെറിയ അളവില്‍ ഭക്ഷണം നല്‍കുമ്പോള്‍ രക്തത്തിലേക്ക് ആവശ്യമായ അളവില്‍ മാത്രം ഭക്ഷണം എത്തുന്നു. രാവിലത്തെ ഭക്ഷണമാണ് കുട്ടികള്‍ക്ക് പ്രധാനമായും നല്‍കേണ്ടത്. അതിനാല്‍ തന്നെ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഈ സമയത്തെ ഭക്ഷണമാണ്. രാവിലെ ഓട്‌സ്, റാഗി, മുട്ട,പാല്‍,നട്ട്‌സ് എന്നിവ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് രാവിലെ നല്‍കേണ്ടത്. പയറുവര്‍ഗങ്ങള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.ഉച്ചയ്ക്ക് നിര്‍ബന്ധമായും ചോറ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ചെറിയ അളവില്‍ മാത്രമെ ഇത് നല്‍കാവു. മീന്‍,ഇറച്ചി,ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ക്രീം ഇല്ലാത്തെ ബിസ്‌ക്കറ്റുകള്‍,നട്ട്‌സ് എന്നിവ സ്‌നാക്‌സായി നല്‍കാം.രാത്രി വൈകി ഭക്ഷണം നല്‍കുന്ന ശീലവും പരമാവധി ഒഴിവാക്കേണ്ടതാണ്. രാത്രി ചെറിയ രീതിയില്‍ മാത്രം ഭക്ഷണം കഴിക്കുക. രാത്രി കൃത്യമായി ഉറങ്ങിയാല്‍ മാത്രമെ പകല്‍ ഓര്‍മശക്തി ഉണ്ടാവുകയുള്ളു. കൃത്യമായി 78 മണിക്കൂര്‍ പഠിക്കുന്ന കുട്ടികള്‍ ഉറങ്ങേണ്ടതുണ്ട്. പരീക്ഷാസമയത്ത് ഒരു മണിക്കൂര്‍ നേരമെങ്കിലും കുട്ടി ശാരീരിക വ്യായാമം(കളികള്‍) ചെയ്യുന്നതും നല്ലതാണ്. കുട്ടികളില്‍ ഒരു ടീസ്പൂണ്‍ നെയ്യ് നല്‍കുന്നതും ദിവസം ഒന്നോ രണ്ടോ മുട്ടകള്‍ കഴിക്കുന്നതും ഈ സമയത്ത് സഹായകമാകും.