Drinking water while fooding: ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?

ചൊവ്വ, 12 ജൂലൈ 2022 (12:52 IST)
Drinking water while fooding: മനുഷ്യശരീരത്തില്‍ വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചൂട് കാലത്ത് മൂന്ന് മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കണം. വെള്ളം എത്ര കുടിച്ചാലും അത് ആരോഗ്യത്തിനു ഗുണം മാത്രമേ ചെയ്യൂ. അതേസമയം, ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ ദോഷമാണോ? 
 
ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷം വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിച്ചതുകൊണ്ട് അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയില്ല. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അത് ദഹനപ്രക്രിയയെ ബാധിക്കും, ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാക്കും, വണ്ണം കൂടാന്‍ കാരണമാകും തുടങ്ങിയ തെറ്റിദ്ധാരണകള്‍ മലയാളികള്‍ക്കിടയിലുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു പ്രശ്‌നവും നിങ്ങളുടെ ആരോഗ്യത്തിനു സംഭവിക്കുന്നില്ലെന്ന് സാരം. 
 
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാലും അത് ദഹനത്തെ മന്ദഗതിയിലാക്കില്ല. ഇടയ്ക്ക് വെള്ളം കുടിച്ചാല്‍ ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങളുടെ അളവ് കുറയാന്‍ അത് കാരണമാകുമെന്ന ചിന്ത യാതൊരു ഗവേഷണങ്ങളുടേയും അടിസ്ഥാനത്തിലല്ല. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകുമെന്ന പ്രചാരവും തെറ്റാണ്. അതേസമയം, ഭക്ഷണത്തിനിടെ പാല്‍, ജ്യൂസ്, കോള പോലെയുള്ള ശീതളപാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമായേക്കും. അതുകൊണ്ട് ഭക്ഷണത്തിനിടെ സാധാരണ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍