മഞ്ഞളിന് ഏറെ ഗുണങ്ങളുണ്ടെന്ന് അറിയാത്തവരായി ആരും തന്നെയില്ല. സൗന്ദര്യം വർദ്ധിപ്പിക്കുന്നത് മുതൽ അർബുദം വരെ തടയാൻ മഞ്ഞളിന് കഴിവുണ്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളമുള്ള മഞ്ഞൾ ഔഷധമായും ഉപയോഗിക്കുന്നു. എന്നാൽ മഞ്ഞളിന്റെ ഗുണം പൂർണ്ണമായും ലഭിക്കാൻ അത് പാകം ചെയ്‌ത് ഉപയോഗിക്കണോ വേണ്ടയോ എന്ന് എല്ലാവർക്കും സംശയമാണ്.
ശ്രദ്ധിക്കേണ്ടത് ഇതാണ്, മഞ്ഞൾ തിളപ്പിക്കുമ്പോഴും പ്രഷർ കുക്കറിൽ വേവിക്കുമ്പോഴും അതിന്റെ ഗുണങ്ങൾ നശിക്കുന്നതായി പഠനങ്ങൾ പറയുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിനോയിഡുകൾ എന്ന സംയുക്തങ്ങളാണ് അതിന് ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. പച്ചക്കറികൾ വേവിക്കുമ്പോഴെ മഞ്ഞൾ ചേർക്കുന്നതാണ് പതിവ്. വിഷാംശം അകറ്റാൻ ആണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയാറുണ്ട്. അതിലും വാസ്‌തവമുണ്ട്.
പത്തു മിനിറ്റ് തിളപ്പിക്കുമ്പോഴും ഇരുപത് മിനിറ്റ് തിളപ്പിക്കുമ്പോഴും പത്തു മിനിറ്റ് പ്രഷർകുക്ക് ചെയ്യുമ്പോഴും മഞ്ഞളിലെ കുർകുമിന് സംഭവിക്കുന്ന മാറ്റങ്ങൾ ഗവേഷകർ പരിശോധിച്ചതിന് ശേഷമാണ് ഇത് നല്ലതല്ലെന്ന് കണ്ടെത്തിയത്. ചൂടാകുമ്പോൾ 27 മുതൽ 53 ശതമാനം വരെ കുർകുമിൻ നഷ്ടപ്പെടുന്നതായി കണ്ടു. എന്നാൽ പുളിയുള്ള വസ്തുക്കളോടൊപ്പം ചൂടാക്കുമ്പോൾ നഷ്ടം 12 മുതൽ 30 ശതമാനം വരെ കുറവാണ്. പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ കുർകുമിൻ നഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ മഞ്ഞളിന്റെ ഗുണങ്ങൾ അതുപോലെ തന്നെ വേണം എന്നുണ്ടെങ്കിൽ തിളപ്പിക്കാത്തിരിക്കുന്നതായിരിക്കും ഉത്തമം.