കുടല്‍ കരിയും, ചോര ഛര്‍ദിക്കും; സാനിറ്റൈസര്‍ കുടിച്ച് പൂസാകാന്‍ നോക്കണ്ട, തമാശക്കളിയല്ല

ചൊവ്വ, 25 മെയ് 2021 (08:36 IST)
ലോക്ക്ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം ലഭിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞു. സ്ഥിരം രണ്ട് പെഗ് അടിക്കുന്നവര്‍ക്ക് ഇത്രയധികം ദിവസം മദ്യമില്ലാതെ ജീവിക്കുക പ്രയാസമാണ്. രണ്ടെണ്ണം അടിച്ച് പൂസാകാന്‍ പല വഴികളും തേടുന്നവരാണ് നമുക്ക് ചുറ്റിലുമുള്ളത്. സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ അംശം കണ്ട് അത് മദ്യത്തിനു പകരം ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍, ഇതൊന്നും തമാശക്കളിയല്ല. സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ സാന്നിധ്യം ഒരാളെ ക്രൂരമായി കൊല്ലുന്നതിനു തുല്യമാണ്. അതിവേദന സഹിച്ച് മരണത്തിനു കീഴടങ്ങേണ്ടിവരും. 
 
മദ്യത്തിന് വീര്യം നല്‍കുന്നത് ആല്‍ക്കഹോള്‍ സാന്നിധ്യമാണ്. സാധാരണ വോഡ്കയില്‍ 45 ശതമാനമാണ് ആല്‍ക്കഹോള്‍ അളവ്. മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയ എംസി, ബ്രാന്‍ഡിയില്‍ 43 ശതമാനമാണ് ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍, ഹാന്‍ഡ് സാനിറ്റൈസറില്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍), ഐസോ പ്രൊപ്പനോള്‍, എന്‍-പ്രൊപ്പനോള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് സാനിറ്റൈസറില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ സാനിറ്റൈസറുകളിലും 80 ശതമാനം ആല്‍ക്കഹോള്‍ കണ്ടന്റ് ചേര്‍ത്തിട്ടുണ്ടാകും. സാനിറ്റൈസര്‍ ബോട്ടിലില്‍ തന്നെ എത്ര ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു എന്ന് കൊടുത്തിട്ടുണ്ട്. 
 
ആല്‍ക്കഹോളിന് പുറമേ ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവയും സാനിറ്റൈസറില്‍ അടങ്ങിയിരിക്കുന്നു. പതഞ്ഞുപൊങ്ങാനും സുഗന്ധത്തിനും വേണ്ടിയാണിത്. ഉദാഹരണത്തിനു 80 ശതമാനം ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന 200 ml സാനിറ്റൈസറില്‍ 0.125 ശതമാനം ഹൈഡ്രജന്‍ പെറോക്‌സൈഡും 1.45 ശതമാനം ഗ്ലിസറിനും ഉണ്ട്. സാനിറ്റൈസര്‍ കുടിക്കുമ്പോള്‍ ആല്‍ക്കഹോള്‍ കണ്ടന്റിന് ഒപ്പം ഗ്ലിസറിനും ഹൈഡ്രജന്‍ പെറോക്‌സൈഡും വയറ്റിലേക്ക് പോകുന്നു. 
 
സാനിറ്റൈസര്‍ കരളിലെ കോശങ്ങള്‍ ഗുരുതരമായി നശിപ്പിക്കും. രക്തം ഛര്‍ദിക്കും, കടുത്ത തലവേദനയെടുക്കും, കാഴ്ച ശക്തിയെ ബാധിക്കും, കുടലിലെ ചര്‍മം കരിയും, നാഡീവ്യവസ്ഥയെ സാരമായി ബാധിക്കും, വായില്‍ നിന്നു നുരയും പതയും വരും, ഒടുവില്‍ മരണം വരെ സംഭവിച്ചേക്കാം. ചിലപ്പോള്‍ നീണ്ട വര്‍ഷങ്ങള്‍ കോമയിലാകാനും ഇതുമതി. അതുകൊണ്ടാണ് പരമാവധി കുട്ടികളില്‍ നിന്നും സാനിറ്റൈസര്‍ മാറ്റിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍