അണുബാധമൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ന്യൂമോണിയ. ശരീരത്തിന് പ്രതിരോധശേഷി കുറഞ്ഞവര്‍ക്കാണ് പൊതുവെ ന്യൂമോണിയ പിടിപെടുക. വിവിധയിനം ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണം. വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളില്‍ ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്ന് ന്യൂമോണിയയാകാനുള്ള കാരണവും ഇതുതന്നെയാണ്.
വാര്‍ധക്യസഹജമായ രോഗങ്ങളില്‍ ഏറ്റവും സാധാരണവും പലപ്പോഴും മാരകവുമായ ഒരു രോഗമാണ് ന്യൂമോണിയ. മുന്‍കാലങ്ങളില്‍ 80 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ന്യൂമോണിയ ബാധിച്ചാല്‍ അത് മരണത്തിലേ കലാശിക്കൂ. വാര്‍ധക്യത്തില്‍ സാധാരണമായ ക്രോണിക് ബ്രോങ്കൈറ്റിസ്, പ്രമേഹം, പോഷകാഹാരക്കുറവ്, അര്‍ബുദം,ഹൃദ്രോഗം മുതലായ രോഗങ്ങളും ന്യൂമോണിയയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്. ജലദോഷം അഥവാ ഇന്‍ഫ്ളുവന്‍സയെ തുടര്‍ന്നും ന്യൂമോണിയ പിടിപെടാം. മറ്റേതെങ്കിലും രോഗചികിത്സയ്ക്കായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് അവിടെവെച്ച് ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഹോസ്പിറ്റല്‍ അക്വയര്‍ഡ് ന്യൂമോണിയ എന്ന ഈ രോഗം വൃദ്ധജനങ്ങള്‍ക്ക് വേഗം പിടിപെടുകയും ചെയ്യും.
കടുത്തപനി, കുളിരും വിറയലും, ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍, പ്രായമായവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരില്‍ വെറും പനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമേ പ്രകടമാവുകയുള്ളൂ.
രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചാല്‍ ന്യൂമോണിയ പൂര്‍ണമായും ഭേദമാക്കാം. പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കേണ്ടിവരാറില്ല. എന്നാല്‍, പ്രായാധിക്യമുള്ളവരെ നിര്‍ബന്ധമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.