ആ പ്രദേശത്ത് പാകം ചെയ്ത ഭക്ഷണമാണോ കഴിച്ചത് ? സൂക്ഷിച്ചോളൂ... പ്രശ്നമാണ് !

ശനി, 28 ഒക്‌ടോബര്‍ 2017 (10:43 IST)
വളരെയധികം ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് അതിസാരം. ഇത് പകരാനും സാധ്യതയുള്ളതിനാല്‍ മുന്‍‌കരുതലും പ്രധാനമാണ്. അതിസാരം എന്നത് കുടലില്‍ ബാധിക്കുന്ന രോഗമാണ്. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. മനുഷ്യ വിസര്‍ജ്ജ്യത്തിലൂടെയാണ് അതിസാരം പടരുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അസുഖമാണ് ഇത്. 
 
അതിസാരത്തിന് കാരണമാകുന്ന രോഗാണുക്കള്‍ കലര്‍ന്ന ആഹാരമോ ജലമോ ഭക്ഷിക്കുമ്പോഴാണ് രോഗം പിടിപെടുന്നത്. അവികസിത രാജ്യങ്ങളിലാണ് അതിസാരം കുടുതലും കണ്ടുവരുന്നത്. കാര്യക്ഷമമായ ശുദ്ധജലവിതരണ സംവിധാനം, മാലിന്യം നീക്കം ചെയ്യുന്നതിന് പര്യാപ്തമായ സംവിധാ‍നം എന്നിവ ഇല്ലാത്തിടങ്ങളിലാണ് രോഗം അതിവേഗം പടര്‍ന്നു പിടിക്കുന്നത്.
 
കുറഞ്ഞ തരത്തില്‍ തുടങ്ങി കടുത്ത തോതിലേക്ക് എത്തുന്ന വയറിളക്കമാണ് അതിസാരബാധയുടെ ലക്ഷണം. ഇതിനൊപ്പം ഛര്‍ദ്ദിയും, ശരീരത്തില്‍ നിന്നും അമിതമായി ജലാംശം നഷ്ടപ്പെടല്‍ എന്നീ അവസ്ഥയുമുണ്ടാകും.  രോഗാണു ശരീരത്തില്‍ കടന്ന് ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസത്തിനകം അസുഖ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.അധികം ജലാംശം നഷ്ടപ്പെടുന്നതിനാല്‍ രോഗിക്ക് വെള്ളം നല്‍കേണ്ടത് ആവശ്യമാണ്. 
 
ഇത് വായിലൂടെയോ ട്രിപ്പായോ നല്‍കാവുന്നതാണ്. ടെട്രാസൈക്ലിന്‍ പോലുള്ള ആന്‍റിബയോട്ടിക്കുകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. അതിസാരം ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് പാകം ചെയ്യാ‍ത്ത ആഹാരസാധനങ്ങളോ തിളപ്പിക്കാത്ത വെള്ളമോ ഉപയോഗിക്കാതിരിക്കുക എന്നതാണ് അതിസാരബാധ തടയാനുള്ള പ്രധാന പ്രതിരോധം. പരിസര ശുചീകരണവും പ്രധാനമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍