പ്രസവശേഷം എന്തുതന്നെ മറന്നാലും ഇക്കാര്യം മാത്രം മറക്കരുത്; മറന്നാല്‍...
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (12:37 IST)
സുഖപ്രസവം ഉറപ്പാക്കുന്നതിനായി പാലിക്കേണ്ട ചില രീതികളെക്കുറിച്ച് ആയൂര്‍വേദത്തില്‍ പറയുന്നുണ്ട്. ഗര്‍ഭിണിയുടെ ശരീരമാസകലം ധാന്വന്തരം കുഴമ്പ്, സഹചരാദി, പിണ്ഡതൈലം എന്നിവ പുരട്ടി കുളിക്കുന്നതും ദാഡിമാദിഘൃതം, കല്യാണകഘൃതം, സുഖപ്രസവഘൃതം തുടങ്ങിയവ കഴിക്കുന്നതും സുഖപ്രസവത്തിന് നല്ലതാണ്. അകത്തും പുറത്തുമുള്ള ഇത്തരം സ്നേഹന കര്‍മ്മങ്ങള്‍ പ്രസവം സുഖമായി നടക്കാന്‍ ശരീരത്തെ തയ്യാറെടുപ്പിക്കുന്നു.
ഗര്‍ഭകാലത്തെ വ്യായാമവും ഏറെ പ്രധാനമാണ്. ശരിയായി വ്യായാമം ചെയ്താല്‍ പ്രസവവും പ്രസവാനന്തര ശുശ്രൂഷയും വളരെ സുഖമുള്ളതാകും. ഗര്‍ഭകാലത്തെ ശുശ്രൂഷ പോലെതന്നെ പ്രധാനമാണ് പ്രസവാനന്തര പരിചരണം. ആധുനിക വൈദ്യ ശാസ്ത്രം ഗര്‍ഭാനന്തര പരിചരണം വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമായി പരിഗണിക്കുന്നില്ല. പക്ഷെ, ആയൂര്‍വേദം ഇത് വളരെ പ്രധാനമായി കാണുന്നു. പ്രസവത്തിന് ശേഷം വേണ്ട ശരീരരക്ഷ ചെയ്യാത്ത സ്ത്രീകള്‍ പശ്ഛാത്തപിച്ചിട്ടുണ്ട്.
പ്രസവ ശേഷം അമ്മയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവം കഴിഞ്ഞയുടനെ സ്ത്രീകളില്‍ വായുക്ഷോഭം ഉണ്ടായേക്കും. ഇത് നിയന്ത്രിക്കുന്നതിന് ഔഷധങ്ങള്‍ ചേര്‍ത്ത ആഹാരം നല്‍കണം. സുഖപ്രസവം കഴിഞ്ഞ് വിശപ്പുണ്ടാകുമ്പോള്‍ ആദ്യം പഞ്ചകോല ചൂര്‍ണമെന്ന ഔഷധം കൊടുക്കണം. തിപ്പലി, തിപ്പലിവേര്, കാട്ടു മുളകിന്‍ വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക് എന്നിവ സമം പൊടിച്ചുണ്ടാക്കുന്ന ഔഷധമാണ് പഞ്ചക്കോല ചൂര്‍ണം.
ദഹനശക്തിക്കനുസരിച്ച് എണ്ണയിലോ, നെയ്യിലോ, ചൂവെള്ളത്തിലോ കലര്‍ത്തിയാണ് ഇത് സേവിക്കേണ്ടത്. ഇത് കഴിച്ച ശേഷം വയറില്‍ കുഴമ്പ് തേച്ചു പിടിപ്പിച്ച്, വീതിയുള്ള മുണ്ട് കൊണ്ട് വയര്‍ ചുറ്റിക്കെട്ടുന്നു. മരുന്ന് ദഹിച്ചു കഴിഞ്ഞാല്‍ ചുറ്റിക്കെട്ട് മാറ്റാം. ഔഷധക്കൂട്ടുകള്‍ ചേര്‍ത്തു തിളപ്പിച്ച വെള്ളം കൊണ്ടുള്ള കുളി - വേതു കുളി - പ്രസവാനന്തര പരിചരണത്തില്‍ വളരെ പ്രാധാന്യമാണ്.
കരിനൊച്ചിയില, വാതം കൊല്ലി ഇല, പുളിയില, കുരുമുളകിന്‍ കൊടി, ആവണക്കില, നാല്‍പ്പാമരത്തൊലി, ആര്യ വേപ്പില, മഞ്ഞള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. നെല്ലിക്ക ഇട്ട് വേവിച്ച ശേഷം തണുപ്പിച്ച വെള്ളം കൊണ്ട് തല കഴുകുന്നത് കണ്ണിന്‍റെയും മുടിയുടെയും രക്ഷയ്ക്ക് നല്ലതാണ്. ധാന്വന്തരം കഷായം, ദശമൂല കഷായം, വിദ്യാര്യാദി കഷായം ഇവകൊണ്ട് ഔഷധ കഞ്ഞിയോ പാല്‍ക്കഷായമോ ഉണ്ടാക്കി കഴിക്കാം.
പ്രസവാനന്തരം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിത്യേനയുള്ള ഭക്ഷണക്രമം. പ്രസവം മൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണം മാറ്റാന്‍ മാംസാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. മുലപ്പാല്‍ ധാരാളമുണ്ടാവാന്‍ സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ് കൂടുതലായി കഴിക്കേണ്ടത്. കാത്സ്യമുള്ള മീനും കഴിക്കേണ്ടതാണ്. ഇലക്കറികള്‍, പച്ചക്കറികള്‍, കുടമ്പുളി ഇട്ടു വേവിച്ച മത്സ്യങ്ങള്‍ എന്നിവയും ധാരാളം കഴിക്കണം.
ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ നെയ്യില്‍ മൂപ്പിച്ചും ലേഹ്യമാക്കിയും ഉപയോഗിക്കാം. മാംസാഹാരം കഴിക്കാത്തവര്‍ക്ക് സാധാരണ ഭക്ഷണത്തിനു പുറമെ രാവിലെയും രാത്രിയും പുളിങ്കുഴമ്പ്, സുകുമാര ലേഹ്യം, നാരസിംഹ രസായനം തുടങ്ങിയവ കഴിച്ച ശേഷം ചൂടുപാലും കഴിക്കാവുന്നതാണ്. ശരീരം പെട്ടെന്ന് തടിക്കുന്ന പ്രകൃതമുള്ളവര്‍ക്ക് ച്യവനപ്രാശമോ, കുശ്മാണ്ഡ രസായനമോ ആണ് നല്ലത്.