അനീമിയ ഒരു രോഗമോ അതോ രോഗലക്ഷണമോ ? അറിയണം... ഈ കാര്യങ്ങള്‍ !

ഞായര്‍, 1 ഒക്‌ടോബര്‍ 2017 (15:27 IST)
അനീമിയ അഥവാ രക്തക്കുറവ് എന്നത് ഒരു രോഗമല്ല, മറിച്ച് അതൊരു രോഗലക്ഷണമാണ്‌. പക്ഷെ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാല്‍ അനീമിയ ഒരു രോഗമായി മാറി ശരിരത്തെ ബാധിച്ചുതുടങ്ങും. ക്ഷീണമാണ്‌ അനീമയുടെ പ്രധാന ലക്ഷണം. രക്തക്കുറവ്‌ കാരണം കണ്ണ്‌, കൈ, നാവ്‌ എന്നീ ഭാഗങ്ങള്‍ വിളര്‍ത്തിരിക്കും. ഇരുമ്പിന്റെ അപര്യാപ്‌തത മൂലമാണ് അനീമിയ ഉണ്ടാകുന്നത്.  
 
പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന അനീമിയ, രക്തത്തിലെ ഫോളിക്‌ ആസിഡിന്റെ അളവ്‌ കുറയുമ്പോഴുണ്ടാകുന്ന 'ഫോളിക്‌ ആസിഡ്‌ ഡഫിഷ്യന്‍സി അനീമിയ എന്നിങ്ങിനെ അനീമിയ വിവിധതരത്തിലുണ്ട്. വിറ്റാമിന്‍ 'ബി 12ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാകാം. ഇത്‌ അപകടകരമായ നിലയിലാണെങ്കില്‍ കുത്തിവയ്പ്പ് നല്‍കേണ്ടിവരും. ബി 12ന്റെ കുറവ്‌ തലച്ചോര്‍ സംബന്ധമായ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം.
 
പച്ചക്കറികളും ഇലക്കറികളുമടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികള്‍ അധികം വേവിച്ചാല്‍ പോഷകങ്ങള്‍ നഷ്‌ടമാവുമെന്നതിനാല്‍ അധികം വേവിക്കാതെ കഴിക്കുക. ഇത്‌ അയേണ്‍ സന്തുലനം ഉറപ്പുവരുത്തും. ചുവന്ന മാംസമാണ്‌ അയണ്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം. പ്രത്യേകിച്ച്‌ ആട്‌, പോത്ത്‌ തുടങ്ങിയവയുടെ കരള്‍ഭാഗം. ശരീരത്തിന്‌ ഏറ്റവും എളുപ്പത്തില്‍ വലിച്ചെടുക്കാവുന്ന അയണ്‍ ഇതിലാണുള്ളത്‌.
 
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉത്‌പാദനത്തിന്‌ ഏറ്റവും അത്യാവശ്യമാണ്‌ അയണ്‍. ഈ ചുവന്ന രക്താണുക്കളിലാണ്‌ ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നത്‌. രക്തത്തിലേക്ക്‌ ഓക്‌സിജന്‍ കടത്തിവിടുന്ന പ്രോട്ടീനാണ്‌ ഹീമോഗ്ലോബിന്‍. ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ ഹീമോഗ്ലോബിന്‍ കുറയുന്നു. തത്‌ഫലമായി രക്തത്തിലെ ഓക്‌സിജനും കുറയുന്നു. ഇത് മൂലം ക്ഷീണവും ഉന്‍‌മേഷക്കുറവും കണ്ടുതുടങ്ങുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍