ചേട്ടന്‍റെ കല്യാണത്തിന് വന്ന മനു, നിധുവിനെ ചൂണ്ടിക്കാണിച്ച് അമ്മയോട് ചോദിച്ചു, “ അമ്മേ, ആ പീക്കോക്ക് ബ്ലൂ കളര്‍ സാരി ഉടുത്ത പെണ്‍കുട്ടിയേതാ? അമ്മക്കിഷ്‌ടമായെങ്കില്‍ എനിക്കു വേണ്ടി ഒന്നു നോക്കിക്കോ. എടാ, അത് നിന്‍റെ അനിയത്തീടെ ക്ലാസ്മേറ്റാ. വീട്ടില്‍ വന്നിട്ടുണ്ടല്ലോ. നീ കണ്ടിട്ടില്ലേ”
ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും അണിഞ്ഞ് കാമ്പസില്‍ കറങ്ങിനടക്കുന്ന സുന്ദരികള്‍, കൂട്ടുകാരിയുടെ കല്യാണത്തിന് പോകുമ്പോള്‍ അതുവരെ കൈ വെച്ചിട്ടില്ലാത്ത സാരി എടുത്ത് രണ്ടും കല്പിച്ച് ഉടുക്കുന്നത് മനസ്സില്‍ എന്തു കരുതിയിട്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വേറെ കാരണമൊന്നുമില്ലെന്നേ, ഇതിന് ഒരേ ഒരു ഉത്തരമേ ഉള്ളൂ, സ്ത്രീ സൌന്ദര്യം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് സാരി ഉടുക്കുമ്പോഴാണ്!
കാലം എത്ര മാറിയാലും സ്ത്രീ ജനങ്ങള്‍ക്ക് സാരിയോടുള്ള ആ പ്രണയത്തിന് മാറ്റമൊന്നുമില്ല! ഫാഷന്‍റെ കുത്തൊഴുക്കില്‍ വസ്ത്രങ്ങള്‍ മാറി മാറി പരീക്ഷിക്കുമ്പോഴും ആര്‍ഭാടവും ആഢ്യത്തവും ഇപ്പോഴും ഉള്ളത് ‘സാരി’ എന്ന പരമ്പരാഗത വസ്ത്രത്തിന് തന്നെ. ഭാരത സംസ്ക്കാരത്തിന്‍റെ തനിമവിളിച്ചോതുന്ന വസ്‌ത്രം എന്നും വേണമെങ്കില്‍ സാരിയെ വിശേഷിപ്പിക്കാം.
വെറുതെയല്ല, ഈ പെണ്‍കുട്ടികള്‍ കൂട്ടുകാരിയുടെ കല്യാണം എന്നു കേള്‍ക്കുമ്പോളേ സാരിയില്‍ കൈ വെയ്ക്കുന്നത്. നാലാള്‍ കൂടുമ്പോള്‍ ആര്‍ക്കെങ്കിലും നോക്കണമെന്നുണ്ടെങ്കില്‍ നോക്കിക്കോട്ടെ എന്നു കരുതിതന്നെയാ? എത്ര ഫാഷനബിളായ സുന്ദരിയ്ക്കും അറിയാം സാരിയാണ് വസ്ത്രങ്ങളില്‍ അതിസുന്ദരം എന്ന്.
സാരിയിലെ പുത്തന്‍ ഫാഷനുകള്‍
സാരിയിലെ ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രവണത ഡിസൈനര്‍ സാരികള്‍ ആണ്. മുന്താണി വര്‍ണാഭമായ രീതിയില്‍ ഡിസൈന്‍ ചെയ്ത പട്ടുസാരികളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പ്രണയത്തിന്‍റെ നിത്യസ്മാരകമായ താജ്‌മഹലും പ്രകൃതിയും മനുഷ്യഭാവങ്ങളും എല്ലാം ഈ രീതിയില്‍ മുന്താണിയില്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്.
കൂടാതെ എംബ്രോയിഡറി ചെയ്ത സാരികളും, കണ്ണാടി പതിച്ച സാരികളും ഏറ്റവും അടുത്തകാലത്തെ ഫാഷനായി വിപണിയിലെത്തിയിട്ടുണ്ട്. ജോര്‍ജറ്റ്, ഷിഫോണ്‍, ക്രേപ്, സില്‍ക്ക് തുടങ്ങിയ മെറ്റീരിയലുകളില്‍ ഇത്തരത്തിലുള്ള സാരികള്‍ ലഭ്യമാണ്.
ഇത്തരം സാരികളുടെ ബ്ലൌസിലും അല്പം പരീക്ഷണമൊക്കെ ആകാം. ഹാള്‍ട്ടര്‍ നെക്കോടു കൂടിയ ബ്ലൌസ് ഇത്തരം സാരിയോടോപ്പം ധരിക്കുമ്പോള്‍ കൂടുതല്‍ മോടി തോന്നിക്കും. കൂടാതെ, പാരമ്പര്യവും പ്രൌഢിയും പരിഷ്‌ക്കാരവും ഒത്തിണങ്ങിയ ഭാവം കൂടിയാകുമ്പോള്‍ നിങ്ങള്‍ തന്നെ സുന്ദരി!