മനസുതുറന്നൊന്നു ചിരിക്കാന്‍ കഴിയുക എന്നു പറഞ്ഞാല്‍ തന്നെ അതൊരു ഭാഗ്യമാണ്. അപ്പോള്‍ ആ ചിരി ആരോഗ്യത്തിനു കൂടി സഹായിക്കുമെങ്കിലോ ? ചിരി മാനസികസമ്മര്‍ദം ഇല്ലാതാക്കാനും ലഘൂകരിക്കാനും സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, ശരീരത്തിലെ രക്തചംക്രമണം കൂട്ടാനും ചിരി സഹായിക്കും.
ചിരിക്കുന്ന വേളയില്‍ മുഖത്തെ പേശികള്‍ക്കു വ്യായാമം കിട്ടുന്നു. അതുപോലെ അമിത രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ കുറയ്ക്കാനും ചിരി സഹായിക്കുന്നു. ചിരിക്കുന്നതിലൂടെ പേശികളുടെ പിരിമുറുക്കം കുറയുകയും ചെയ്യും. പൊട്ടിച്ചിരിക്കുന്നത് വയറിനും ഡയഫ്രത്തിനും നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ അധിക കലോറി നഷ്ടമാകാനും ചിരിയിലൂടെ സാധിക്കും.
നല്ല ചിരി ദഹനത്തിനും സഹായകരമാണ്. മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ കൂടുതലായി ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാനും ചിരിക്കുന്നതിലൂടെ സാധിക്കും. എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ അളവു കൂടുകയും ചെയ്യും. ചിരിക്കുന്നതിലൂടെ തലച്ചോറിലേക്കു കൂടുതല്‍ എന്‍ഡോര്‍ഫിന്‍ എത്തുന്നതിനാല്‍ കൂടുതല്‍ ഉന്മേഷം ലഭിക്കുകയും ചെയ്യും.