ക്ഷമയോടെ കാത്തിരിക്കുക, വിജയം തൊട്ടടുത്തുണ്ട്!

ചൊവ്വ, 15 നവം‌ബര്‍ 2016 (21:20 IST)
ക്ഷമ വിജയത്തിന്‍റെ ആദ്യ പാഠമാണ്. നല്ല ക്ഷമയുണ്ടായിരിക്കുക എന്നത് വിജയക്കുതിപ്പിന് ഏറ്റവും അത്യാവശ്യം. നമ്മള്‍ ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ചെയ്യുന്ന കാര്യം എന്തായാലും അത് വിജയകരമായി പൂര്‍ത്തിയാക്കുക എന്നത് പ്രധാനമാണ്. ധൃതിപിടിച്ച് എങ്ങനെയെങ്കിലും ഒരു കാര്യം ചെയ്തുതീര്‍ക്കുന്നതാണോ ക്ഷമയോടെ എല്ലാ വശങ്ങളും പരിശോധിച്ച് ഒരു കാര്യം സക്സസ്ഫുളായി ചെയ്യുന്നതാണോ നല്ലത്?
 
ക്ഷമയുണ്ടാവണം എന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കുന്നത് ആദ്യമൊക്കെ അലോസരമായി തോന്നിയേക്കാം. എന്നാല്‍ ക്ഷമയുടെ വില മനസിലാക്കിയാല്‍ പിന്നെ അങ്ങനെയൊരു തോന്നല്‍ ഉണ്ടാവില്ല. നൂറ് പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ക്ഷമയോടെ നൂറ്റിയൊന്നാം പരിശ്രമം നടത്തുന്നവര്‍ തീര്‍ച്ചയായും വിജയത്തിലെത്തും എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. ക്ഷമയോടൊപ്പം സ്ഥിരപരിശ്രമവും ചേരുമ്പോള്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ സംഭവിക്കുന്നു.
 
തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കുന്നവര്‍ പരാജയപ്പെടാനാണ് സാധ്യത കൂടുതല്‍. എല്ലാ തിരിച്ചടികളോടും ക്ഷമയോടെ, ആലോചിച്ച് പ്രതികരിച്ചാലോ? കൂടുതല്‍ വലിയ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് മാത്രമല്ല, തിരിച്ചടികളെല്ലാം വിജയത്തിലേക്കുള്ള പഠനോപാധിയാക്കി മാറ്റുകയും ചെയ്യാം. അതേ, പരാജയങ്ങള്‍ നമ്മുടെ ഒടുക്കമല്ല. മുമ്പോട്ടുപോകാനുള്ള കരുത്തുറ്റ അനുഭവപാഠങ്ങളാണ്.
 
വിജയം എത്രയടുത്തെത്തിയിരിക്കുന്നു എന്ന് മനസിലാക്കാതെ അവസാന നിമിഷം തിരിഞ്ഞുനടക്കുന്നവരാണ് പലരും. അവരെ വിജയം അനുഗ്രഹിക്കുകയില്ല. ഫലം ഇച്ഛിക്കാതെ നിരന്തരം കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക. ഫലം പിന്നാലെ വരും. വിജയം പിന്നാലെ വരും. ക്ഷമയും ജോലി ചെയ്യാനുള്ള മനസും പിന്തിരിയാതിരിക്കാനുള്ള ആത്മവിശ്വാസവുമുള്ളവര്‍ വിജയപീഠം ചവിട്ടുമെന്ന് തീര്‍ച്ച.

വെബ്ദുനിയ വായിക്കുക