വിവാഹം കഴിക്കുന്നതിനു മുൻപ് ഒരുമിച്ച് താമസിച്ചാൽ എന്താ കുഴപ്പം?

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (15:21 IST)
ലിവിങ് ടുഗെതർ ഭാരതീയ സംസ്കാരമാണെന്നും അത് വലിയൊരു തെറ്റാണെന്നും നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നും അഭിപ്രായങ്ങളുണ്ട്. വിവാഹ ജീവിതത്തേക്കാൾ നല്ലത് ലിവിങ് ടുഗെതർ ആണെന്ന് നടി തൃഷ പറഞ്ഞത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതുപോലെ, ലിവിങ് ടുഗെതർ എന്ന് പറഞ്ഞാൽ അത് വിവാഹം തന്നെ ആണെന്ന് അനൂപ് മേനോനും ഒരിക്കൽ പറഞ്ഞിരുന്നു.
 
ശരിയാണ്, വിവാഹത്തെ കുറിച്ച് പറയുമ്പോൾ ആർക്കും രണ്ടഭിപ്രായമില്ല. അതാണ് സംസ്കാരം എന്ന് പറയുന്നവരാണ് എല്ലാവരും. എന്നാൽ, ലിവിങ് ടുഗെതർ എന്ന് പറയുമ്പോൾ മുഖം ചുളിക്കുന്നവർ ഒരുപാടുണ്ട്. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ മാത്രം രണ്ടഭിപ്രായം വരുന്നത്?. 
 
ലിവിങ് ടുഗെതർ ഭാരതീയ സംസ്കാരം ആണെന്ന് പറയുന്നവരും ഉണ്ട്. അല്ലെന്നു പറയുന്നവരും ഉണ്ട്. സംസ്‌കാരശൂന്യമായ' ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലും പ്രണയ ബന്ധങ്ങളിലും മക്കള്‍ പെട്ടുപോകാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ഭാരതത്തിലെ ഭൂരിപക്ഷം മാതാപിതാക്കളും ചെയ്യുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണല്ലോ ദുരഭിമാനക്കൊലകളുടെയും ഒളിച്ചോടലുകളുടെയും വാർത്തകൾക്ക് ക്ഷാമമില്ലാത്തത്.
 
പ്രണയിക്കുവാനും ഒരുമിച്ച് ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യം പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്കും പുരുഷനും ഉണ്ട്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനെ അങ്ങേയറ്റം മോശമായി കണക്കാക്കുന്നതു കൊണ്ടാണ് ദുരഭിമാനകൊലകൾ നമ്മുടെ നാട്ടിൽ നടക്കുന്നത്. ഈ ക്രൂരതകൾ നടത്താൻ മാതാപിതാക്കള്‍ കൂട്ടുപിടിയ്ക്കുന്നത് സംസ്കാരത്തേയും.
 
ശരിക്കും എന്താണ് ഭാരതീയ സംസ്കാരം. ഇന്ത്യൻ സംസ്കാരം, ഇന്ത്യൻ സംസ്കാരം എന്ന് നാം പറയുന്ന ഈ സംസ്‌കാരം എന്താണെന്ന് കൃത്യമായി പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നറിയില്ല. എങ്കിലും നാം ഇന്ന് നിഷേധിക്കുകയും സംസ്‌കാരത്തിന് യോജിച്ചവയല്ലെന്ന് പറയുകയും ചെയ്യുന്ന പലതും ഭാരതത്തില്‍ നിലനിന്നിരുന്നതാണെന്ന് നിസ്സംശയം പറയാം. ഇങ്ങനെ വേണ്ടെന്ന് തീരുമാനിച്ച് വലിച്ചെറിഞ്ഞവയിൽ ഒന്നാണ് ലിവിങ് ടുഗെതറും.
 
പെണ്‍കുട്ടിക്ക് അവള്‍ ഇഷ്ടപ്പെടുന്നയാളെ വിവാഹം കഴിക്കാന്‍ കഴിഞ്ഞിരുന്നതായി പുരാതന ഹിന്ദു ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. അവര്‍ അവരുടെ ഇഷ്ടപ്രകാരം പരസ്പരം കാണുകയും ഒരുമിച്ച് ജീവിക്കണമെന്ന് പരസ്പരം സമ്മതിക്കുകയും ചെയ്യുന്നു. തീവ്രമായ ആഗ്രഹത്തില്‍ പരസ്പരം ഒന്നുചേരുന്നതോടെ ആ ബന്ധം പരിപൂര്‍ണമാകുന്നു. അതായത് രണ്ട് പേര്‍ക്ക് പരസ്പരം ഇഷ്ടമായാല്‍ മാത്രം മതി. ഒന്നുചേരാന്‍ ആരുടെയും അനുവാദം വേണ്ടത്രെ.
 
മഹാഭാരതത്തില്‍ ഭീമനും ഹിഡിംബയും ഗാന്ധര്‍വ്വ വിവാഹം ചെയ്തവരാണ്. ഭാരതീയ സംസ്‌കാരത്തിനെതിരാണെന്ന് പറഞ്ഞ് പ്രണയവിവാഹങ്ങളെയും ലിവിങ് ടുഗെതര്‍ ബന്ധങ്ങളെയും എതിര്‍ക്കുന്ന മാതാപിതാക്കളോട് ധൈര്യപൂർവ്വം റിഗ് വേദവും അഥര്‍വ വേദവും പുരാണങ്ങളും എടുത്ത് കാണിച്ചാൽ മതി. നമ്മുടെ വാക്കുകൾ അംഗീകരിച്ചില്ലെങ്കിലും ഒരുനിമിഷത്തേക്ക് അവരുടെ മിണ്ടാട്ടം മുട്ടിക്കാനെങ്കിലും അതിനു കഴിയും. 
 
പണ്ട് കാലങ്ങളിൽ ഇന്ത്യയിൽ നിലനിന്നിരുന്ന അവസ്ഥയാണ് ലിവിങ് ടുഗെതർ. എന്നാൽ, ഇപ്പോഴും ഇന്ത്യ ഈ രീതിയെ നോക്കുന്നത് സംശയദൃഷ്ടിയോടെയാണ്. പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ഈ സമ്ബ്രദായത്തെ രാജ്യം അടുത്ത കാലത്ത് പിന്തുടരാന്‍ തുടങ്ങിയെങ്കിലും വിവിധ ഭാഗങ്ങളില്‍ വലിയ തെറ്റായി തന്നെയാണ് ഇന്നും നോക്കിക്കാണുന്നത്. 
 
ലിവിങ് ടുഗെതർ തെറ്റല്ല. പക്ഷേ, പാശ്ചാത്യർ ഇതിനെ സമീപിച്ച ചിന്താഗതിയോടെയോ മനസ്സോടെയോ അല്ല യുവതലമുറ ഇതിനെ സമീപിക്കുന്നത് എന്നതു മാത്രമാണ് വ്യത്യാസം. കുടുംബം എന്ന സംവിധാനത്തിൽ ആകുമ്പോൾ സ്വാതന്ത്ര്യം നഷ്ട്പ്പെടുന്നുവെന്ന കാരണത്താലാണ് പലരും ഇപ്പോൾ ലിവിങ് ടുഗെതർ തെരഞ്ഞെടുക്കുന്നത്. നല്ല രീതിയിൽ എന്തിനെ സമീപിച്ചാലും അത് നല്ലതാകും. ഇല്ലെ‌ങ്കിൽ നാശമാകും.
Next Article