യുവാക്കളേ... ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടോ ?

സജിത്ത്
തിങ്കള്‍, 2 ജനുവരി 2017 (15:43 IST)
വളരെയേറെ പ്രതീക്ഷകളുമായി ഒരു പുതുവര്‍ഷം കൂടി ആഗതമായി. ആഘോഷങ്ങള്‍ക്കൊപ്പം തന്നെ നല്ല നല്ല ശീലങ്ങള്‍ ആരംഭിക്കാനും പുത്തന്‍ തീരുമാനങ്ങള്‍ എടുക്കാനുമുളള ഒരവസരം കൂടിയാണ് ഈ പുതുവര്‍ഷം. നമ്മുടെ ആരോഗ്യത്തെക്കുറിച്ചും അല്പം മുന്‍കരുതല്‍ എടുക്കുന്നത് പുതുവര്‍ഷത്തില്‍ ആവശ്യമാണ്. ആഹാരരീതിയില്‍ അല്പം മാറ്റം വരുത്തിയും വ്യായാമ ശീലങ്ങള്‍ ആരംഭിച്ചും വരും വര്‍ഷത്തില്‍ അല്പം സ്മാര്‍ട്ടാവുകയും ചെയ്യാം.
 
അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പുതുവര്‍ഷത്തില്‍ എടുക്കാവുന്ന ആദ്യത്തെ പ്രതിജ്ഞയാണ് വണ്ണം കുറയ്ക്കും എന്നത്. അതോടൊപ്പം അമിതവണ്ണമില്ലാത്തവരാകട്ടെ ചിട്ടയായ ആഹാരരീതി പിന്തുടരുമെന്ന തീരുമാനവും എടുക്കേണ്ടതാണ്. എന്നാല്‍ ഇതിനായി ഒരുങ്ങുന്നതിനുമുമ്പൊരു കാര്യം, വ്യക്തമായ പ്ലാനിങ്ങില്ലാതെ എടുത്തുചാടി ഒരു ഡയറ്റിങിന് ഒരുങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന കാര്യം മറക്കരുത്. 
 
ദുശ്ശീലങ്ങളെ അകറ്റി നിര്‍ത്തുക എന്ന തീരുമാനം നമുക്കേവര്‍ക്കും എടുക്കാവുന്നതാണ്. മദ്യപാനം, പുകവലി, അലസത എന്നിങ്ങനെയുള്ള ശീലങ്ങളെ പതുക്കെ അകറ്റിനിര്‍ത്തുകയും മധുരപാനീയങ്ങളോടുളള പ്രിയം, ഏറെ നേരം ടിവിയ്ക്കോ കമ്പ്യൂട്ടറിനോ മുന്നിലോ ചെലവഴിക്കുക എന്നിങ്ങനെയുള്ള ജീവിതത്തില്‍ മാറ്റിയെടുക്കണമെന്ന് തോന്നുന്ന എല്ലാ ശീലങ്ങളെയും മാറ്റുമെന്ന തീരുമാനവുമെടുക്കാവുന്നതാണ്.
 
പുതുവര്‍ഷത്തില്‍ പുതിയ ലക്ഷ്യങ്ങളും മുന്നോട്ടു വെക്കണം. വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനത്തില്‍ ഇനിയും മികവ് പുലര്‍ത്തുമെന്നും ഉദ്യോഗസ്ഥരാണെങ്കില്‍ തങ്ങളുടെ കരിയറില്‍ വളരെ മികച്ച നേട്ടങ്ങള്‍ നേടിയെടുക്കുമെന്നുമുള്ള തീരുമാനങ്ങളും എടുക്കാവുന്നതാണ്. തീരുമാനങ്ങള്‍ എടുക്കുന്നതോടൊപ്പം കൃത്യമായ ഇടവേളകളില്‍ നമ്മള്‍ എടുത്ത തീരുമാനങ്ങള്‍ വിലയിരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‍.
 
പുതുവര്‍ഷത്തില്‍ ശരീരത്തെ പോലെ മനസ്സിനും അല്പം മാറ്റമൊക്കെ ആവശ്യമാണ്. കഴിയുന്നതും മാനസിക സമ്മര്‍ദ്ദം അകറ്റി നിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. പോസിറ്റീവായി മാത്രം ചിന്തിക്കുക. ഇതിനായി യോഗ, മെഡിറ്റേഷന്‍, ഉല്ലാസയാത്രകള്‍ എന്നിവയും പ്ലാന്‍ ചെയ്യാവുന്നതാണ്. കൂടാ‍തെ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിലൂടേയും മറ്റുളളവരെ സഹായിക്കുന്നതിലൂടേയും മനസ്സിന് ഏറെ ആശ്വാസം ലഭിക്കുകയും ചെയ്യും.  
 
ജീവിതത്തില്‍ വളരെ അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ സൌഹൃദങ്ങള്‍. ഉറ്റ മിത്രങ്ങളേയും ബന്ധുക്കളേയും ഇടയ്ക്ക് സന്ദര്‍ശിക്കുന്നതും അവരോടൊത്തുള്ള ഒത്തുചേരലുകളും മികച്ച സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായകമാണ്. മികച്ച ജീവിത വിജയം കൈവരിക്കുന്നതിന് സാമ്പത്തിക ഭദ്രത അത്യാവശ്യമാണ്. ഇത് നമ്മുടെ മനസ്സിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്നകറ്റാനും മികച്ച മാനസികാരോഗ്യം നിലനിര്‍ത്തുവാനും സഹായകവുമാണ്.  
Next Article