Mpox Symptoms: സ്വകാര്യ ഭാഗത്തു പോലും കുമിളകള്‍, സെക്‌സിലൂടെ രോഗം പകരാം; എംപോക്‌സ് ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

രേണുക വേണു
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (09:56 IST)
Mpox symptoms

Mpox Symptoms: ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത യുവാവിനു എംപോക്‌സ് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് ഇയാളെ ബാധിച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഗുരുതര രോഗലക്ഷണങ്ങളൊന്നും ഇയാളില്‍ കാണിക്കുന്നില്ല. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഫ്രിക്കയില്‍ നിലവില്‍ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാള്‍ അപകടകാരിയായ വൈറസാണിത്.
 
സെക്‌സ് പോലുള്ള ശാരീരിക ബന്ധപ്പെടലില്‍ നിന്നും വളരെ അടുത്ത സമ്പര്‍ക്കത്തില്‍ നിന്നും പകരുന്നതാണ് ഈ രോഗം. വളരെ അടുത്തുനിന്ന് സംസാരിക്കുക, ശ്വാസോച്ഛാസം നടത്തുക എന്നിവയിലൂടെയും രോഗം പടരാം. 100 കേസുകളില്‍ നാല് മരണം എന്നതാണ് ഈ രോഗത്തിന്റെ തീവ്രത. നേരത്തെ രോഗലക്ഷണമായി കാണിച്ചിരുന്നത് നെഞ്ചിലും കൈകാലുകളിലും പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് നേരിയ തോതില്‍ ജനനേന്ദ്രിയ ഭാഗത്തും കുമിളകള്‍ വരുന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. 
 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മങ്കിപോക്‌സ് വൈറസിനു ജനിതകമാറ്റം സംഭവിച്ചത്. പുതിയ വകഭേദത്തെ 'ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരി' എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഈ വൈറസാണ് ഇപ്പോഴത്തെ എംപോക്‌സിനു കാരണം. ആഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന എംപോക്സ് ക്ലേഡ് 1 അതീവ അപകടകാരിയാണ്. മധ്യ, കിഴക്കന്‍ ആഫ്രിക്കയില്‍ ആണ് നിലവില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. എച്ച് 1 എന്‍ 1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവയ്ക്കാണ് ഇതുവരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
 
കൈകള്‍, കാലുകള്‍, നെഞ്ച്, മുഖം, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കുമിളകള്‍ കാണപ്പെട്ടേക്കാം. മൂന്ന് മുതല്‍ 17 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരിയഡ്. ചെറിയ കുരുക്കള്‍ ആയാണ് ആദ്യലക്ഷണം കാണിക്കുക. പിന്നീട് അവ വേദനയും ചൊറിച്ചിലും ഉള്ള കുമിളകളായി മാറും. പനി, ശരീരത്തിനു കുളിര്, ശരീരത്തില്‍ നീര്, പേശികളില്‍ വേദന, തലവേദന, ശ്വാസോച്ഛാസത്തില്‍ ബുദ്ധിമുട്ട്, മൂക്കടപ്പ്, തൊണ്ടവേദന എന്നീ ലക്ഷണങ്ങളെല്ലാം എംപോക്‌സിനു കാണിക്കാം. ശരീരത്തില്‍ അസാധാരണമായി കുമിളകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേണം. മാസ്‌ക് ധരിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article