ഈ മൂന്ന് കൊലയാളികള്‍ നിങ്ങളുടെ വീട്ടില്‍ത്തന്നെ ഉണ്ടാകാം!
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (17:15 IST)
മരണം ഒരു അത്ഭുതമാണ്. ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത അത്ഭുതം. എപ്പോള്‍, എവിടെനിന്ന്, എങ്ങനെ എന്നൊന്നും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രതിഭാസമാണത്. രോഗം, ആവാസവ്യവസ്ഥയുടെ തകർച്ച, ആക്രമണം, വാർദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള രോഗം, അപകടം എന്നിങ്ങനെയുള്ള ഏതെങ്കിലും കാരണത്താലാണ് മരണം സംഭവിക്കുന്നത്. വികസിത രാജ്യങ്ങളിൽ മനുഷ്യന്റെ മരണത്തിന്റെ മുഖ്യ കാരണം വാർദ്ധക്യകാലത്തെ രോഗമാണ്. എന്നാല്‍ ഇക്കാലത്ത് വാർദ്ധക്യമെത്താതെ തന്നെ പലരും മരണത്തിന് കീഴടങ്ങുന്നുണ്ട്. എന്തെല്ലാമാണ് അത്തരത്തില്‍ മരണത്തിന് കാരണമാകുന്നതെന്ന നോക്കാം.
ഹൃദയാഘാതം:
ഹൃദയപേശികള്‍ക്ക് ആവശ്യമായ രക്തം എത്താതിരിക്കുന്നതു മൂലം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയപേശികളിൽ രക്തമെത്തിക്കുന്നതിന് സഹായിക്കുന്ന കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന, ശ്വാസം മുട്ടൽ, ഓക്കാനം, ഛർദ്ദി, നെഞ്ചിടിപ്പ്, വിയർപ്പ്, വ്യാകുലത എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണയായി ഉണ്ടാകാറുള്ളത്.
ആശുപത്രിയിലെത്തിക്കാനോ ചികില്‍സിക്കാനോ അവസരമില്ലാത്തതാണ് ഏറ്റവും അപകടകാരിയായ 'സൈലന്റ് അറ്റാക്ക്’. സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി ഈ അവസ്ഥ സംജാതമാകുന്നത്. നെഞ്ചുവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങളൊന്നും സൈലന്റ് അറ്റാക്കില്‍ കാണുകയില്ല. പ്രമേഹരോഗികളില്‍ സൈലന്റ് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്.
മസ്തിഷ്കാഘാതം(സ്ട്രോക്ക്):
മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ പ്രവർത്തനത്തകരാണ് മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്. മസ്തിഷ്കാഘാതം സംഭവിക്കുന്നതോടെ തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം. ഇതുമൂലം ശരീരത്തിന്റെ ഒരു ഭാഗത്തിനോ ചിലപ്പോള്‍ ഇരുഭാഗങ്ങള്‍ക്കുമോ തളര്‍ച്ചയുണ്ടാകുകയോ കാഴ്ച, സംസാരം തുടങ്ങിയവയ്ക്ക് പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.
അകാരണമായ തലവേദന, തരിപ്പും ക്ഷീണവും, തലചുറ്റല്‍, കാഴ്ചയുടെ പ്രശ്നങ്ങള്‍, ബാലന്‍സ് നഷ്ടപ്പെടുക, ചിരിക്കാന്‍ വിഷമം എന്നിങ്ങനെയുള്ളവയാണ് പ്രധാനമായും ഇതിന്റെ ലക്ഷണങ്ങള്‍. സ്ട്രോക്കിനോടൊപ്പം തന്നെയാണ് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാവുക. അകാരണമായും പൊടുന്നനെയും ഇത്തരം ലക്ഷണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ അത് സ്ട്രോക്കാണോ എന്ന് കണ്ടെത്തി കഴിവതും വേഗം ചികിത്സ തുടങ്ങുകയാണ് വേണ്ടത്.
ശ്വാസകോശ രോഗങ്ങള്‍:
ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകളിലാണ് ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തുന്നത്. പല ആളുകളിലും ഇത് തിരിച്ചറിയപ്പെടാതെ പോകാറുമുണ്ട്. പലപ്പോഴും ഈ രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതു മൂലം മരണം വരെ സംഭവിക്കാറുണ്ട്. കുട്ടികളെയും വൃദ്ധരെയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഈ രോഗം സര്‍വ്വ സാധാരണമാണ്. പോഷണ വൈകല്യം അനുഭവിക്കുന്ന കുട്ടികളില്‍ രോഗം മാരകമാണ്. ഗര്‍ഭിണികളിലും മദ്യപാനികളിലും ഇത്തരം രോഗം സാധാരണമായി കാണാറുണ്ട്.
കുറഞ്ഞ പ്രതിരോധശേഷി, പ്രമേഹം, പേശീതളര്‍ച്ച, പാര്‍ക്കിന്‍സന്‍ രോഗം എന്നിവയുള്ളവരിലും എയിഡ്സ് രോഗികളിലും ഇത്തരം രോഗത്തിനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി ആരോഗ്യമുള്ള ശ്വാസകോശത്തെ ആക്രമിക്കാത്ത രോഗാണുക്കള്‍ പോലും എയിഡ്സ് രോഗികളില്‍ ന്യൂമോണിയ രോഗമുണ്ടാക്കുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ് ആസ്ത്മ.