'യോഗാ ചിത്തവൃത്തി നിരോധ' എന്നാണ് യോഗയുടെ നിര്‍വചനമായി യോഗസൂത്രത്തിന്റെ തുടക്കത്തില്‍ തന്നെ പതഞ്ജലി മഹര്‍ഷി പറയുന്നത്. ചിന്തകളെ നിരോധിക്കുന്നതാണ് യോഗ. യോഗയില്‍ എട്ട് ഭാഗങ്ങള്‍ ഉണ്ട്. അവ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാര്‍ക്കും ആത്മീയതയില്‍ കഴിയുന്നവര്‍ക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാള്‍ യോഗ പരിശീലിക്കുന്നതിന് മുന്‍പായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയില്‍ പ്രതിപാദിച്ചിട്ടുള്ളത്.
ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം. ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. ആസന, പ്രാണായാമാദികളാണ് പ്രധാനമായ യോഗസാധനകള്‍ . പ്രകൃതിചികിത്സയില്‍ യോഗ നിര്‍ബന്ധമാണ്.