ചൂടുകുരുവിന് പൗഡര്‍ ഇട്ടിട്ട് ഒരു കാര്യവുമില്ല !

രേണുക വേണു

വെള്ളി, 12 ഏപ്രില്‍ 2024 (17:12 IST)
വേനല്‍ക്കാലത്ത് പലരും നേരിടുന്ന വെല്ലുവിളിയാണ് ചൂടുകുരു. പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചൂടുകുരു അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ചൂടുകുരുവില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ദേഹത്ത് പൗഡര്‍ ഇടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. 
 
വിയര്‍പ്പ് ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥി കുഴലുകള്‍ പൊട്ടുകയും വിയര്‍പ്പ് ചര്‍മത്തിലേക്ക് ഇറങ്ങി കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരം ചൂടുകുരുവില്‍ സാധാരണയായി ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ക്രീമുകള്‍, എണ്ണ, പൗഡര്‍ എന്നിവ വിയര്‍പ്പ് ഗ്രന്ഥി കുഴലുകളില്‍ കൂടുതല്‍ തടസമുണ്ടാക്കും. പൗഡര്‍ ഇട്ടാല്‍ ചൂടുകുരുവിന്റെ ചൊറിച്ചിലിനു അല്‍പ്പം ആശ്വാസം ലഭിച്ചേക്കാം. അല്ലാതെ ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ പൗഡര്‍ കൊണ്ട് സാധിക്കില്ല. 
 
ചൂടുകുരു ഉള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
ദിവസവും ധാരാളം വെള്ളം കുടിക്കുക. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം. 
 
ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന പോളിസ്റ്റര്‍ അടക്കമുള്ള സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക.
 
സോപ്പ് ഉപയോഗിക്കാതെ ഇടയ്ക്കിടെ ശരീരം കഴുകുക. 
 
കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക, തോര്‍ത്തു കൊണ്ട് ശക്തമായ ഉരസരുത് 
 
ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ ദേഹത്ത് പുരട്ടുക 
 
ഇലക്കറികളും ഫ്രൂട്ട്സും ധാരാളം കഴിക്കണം 
 
ശരീരത്തെ തണുപ്പിക്കുന്ന തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ ശീലമാക്കുക 
 
ചൂടുകുരു ഉള്ള സ്ഥലങ്ങളില്‍ ചൊറിയരുത്
 
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള വെയില്‍ കൊള്ളാതെ സൂക്ഷിക്കുക 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍