കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നു എന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജീവിതശൈലി രോഗങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹരോഗം വരാതിരിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്യേണ്ടത് പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കുക എന്നതാണ്.
പ്രമേഹം ഉള്ളവര്‍ അമിതമായി ആശങ്കപ്പെടേണ്ടതില്ല. ഇത്തരക്കാര്‍ പഴച്ചാറ് കുടിക്കുന്നത് നിയന്ത്രിക്കണം. പഴച്ചാറില്‍ പഞ്ചസാര കൂടുതലും നാര് കുറവുമായിരിക്കും. വിദഗ്ധരുടെ ഉപദേശമനുസരിച്ചേ കഴിക്കുന്ന പഴത്തിന്റെ അളവ് നിശ്ചയിക്കാവൂ. തുടക്കത്തിലേ കണ്ടെത്തിയാല്‍ പ്രമേഹത്തെ പൂര്‍ണമായും മാറ്റുന്ന മരുന്നുകള്‍ ലഭ്യമാണ്. പ്രമേഹം വിവാഹബന്ധത്തിനും പ്രസവത്തിനും തടസ്സമല്ല. പ്രമേഹ ചികില്‍സ ശാസ്ത്രീയമായും കൃത്യമായും നടത്തിയാല്‍ കുഴപ്പമൊന്നുമുണ്ടാകില്ല.
നമ്മള്‍ കൃത്യമായി ചെയ്യേണ്ട കാര്യങ്ങള്‍:
1. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്.
2. പ്രമേഹരോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം
3. മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും.
4. ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്.
5. കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക.
തീന്‍മേശയില്‍ പ്രമേഹരോഗിക്ക് ഒരു ഭക്ഷണവും മറ്റുള്ളവര്‍ക്കു മറ്റൊന്നും വേണ്ട. എല്ലാവര്‍ക്കും സ്വീകാര്യമായ ആരോഗ്യഭക്ഷണം ശീലമാക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിത ഔഷധങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പണമില്ലാത്തവര്‍ക്കു പോലും രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള ഫലപ്രദചികില്‍സ ഉറപ്പാക്കാന്‍ കഴിയും. ചെലവ് കൂടുതല്‍ പ്രമേഹചികില്‍സയ്ക്കല്ല, അനുബന്ധ രോഗങ്ങള്‍ ചികില്‍സിക്കുന്നതിനാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കുക.