ബാത്ത്‌റൂമില്‍ പോകാനുള്ള ഏറ്റവും നല്ല സമയം ഏതാണ്?

Webdunia
ശനി, 26 ഓഗസ്റ്റ് 2023 (15:15 IST)
എപ്പോള്‍ മലവിസര്‍ജനം നടത്തണമെന്നത് പലരിലും വലിയ സംശയമുള്ള കാര്യമാണ്. ബാത്ത്‌റൂമില്‍ എപ്പോള്‍ പോകാന്‍ തോന്നുന്നു അപ്പോള്‍ പോയാല്‍ മതിയല്ലോ എന്നാണ് വലിയൊരു ശതമാനം ആളുകളും വിചാരിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ മലവിസര്‍ജനം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും. 
 
ഗ്യാസ്‌ട്രോ വിദഗ്ധര്‍ പറയുന്നത് രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഉടന്‍ മലവിസര്‍ജനം നടത്തണമെന്നാണ്. ഉറക്കമെഴുന്നേറ്റ് അരമണിക്കൂറിനുള്ളില്‍ ബാത്ത്‌റൂമില്‍ പോകുന്ന ശീലം പതിവാക്കണം. രാത്രി മുഴുവന്‍ ശരീരം വിശ്രമിക്കുന്നതിനാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും ശരീരത്തിനു ആവശ്യമില്ലാത്തവ പുറന്തള്ളാനുള്ള ലക്ഷണങ്ങള്‍ കാണിക്കും. ഈ സമയത്ത് തന്നെ മലവിസര്‍ജനം നടത്തുകയാണ് നല്ലത്. 
 
നിങ്ങള്‍ക്ക് എന്നും കൃത്യസമയത്ത് മലവിസര്‍ജനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യത്തിനു നല്ലതാണ്. ഒരു ദിവസം മൂന്ന് തവണയോ അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണയോ മലവിസര്‍ജനം നടത്തുന്നത് സാധാരണമാണ്. പലരിലും ഇത് വ്യത്യാസപ്പെട്ടിരിക്കും. 
 
രാവിലെ എഴുന്നേറ്റയുടന്‍ മലവിസര്‍ജനം നടത്തണമെങ്കില്‍ തലേന്ന് രാത്രിയിലെ ഭക്ഷണ മെനുവില്‍ അതീവ ശ്രദ്ധ നല്‍കണം. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. 20-30 ഗ്രാം ഫൈബര്‍ സ്ഥിരം കഴിക്കണം. കട്ടിയേറിയ ഭക്ഷണം രാത്രി ഒഴിവാക്കുക. ധാരാളം പച്ചക്കറികളും ഫ്രൂട്ട്‌സും കഴിക്കാം. 
 
മലവിസര്‍ജനം ശരിയായി നടക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കണം. ധാരാളം വെള്ളം കുടിക്കുന്നില്ലെങ്കില്‍ ശരീരം ദഹന പ്രക്രിയയ്ക്കായി ഭക്ഷണത്തില്‍ നിന്ന് വെള്ളം സ്വീകരിക്കും. അങ്ങനെ വന്നാല്‍ നിങ്ങളുടെ മലം കട്ടിയുള്ളതാകുകയും മല വിസര്‍ജനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ദിവസവും രണ്ട് ലിറ്ററെങ്കിലും വെള്ളം കുടിച്ചിരിക്കണം. അതിരാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതും മലവിസര്‍ജനം കൃത്യമായി നടക്കാന്‍ സഹായിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article