പനി വന്നാല്‍ കഞ്ഞി മാത്രമേ കുടിക്കാവൂ എന്ന് ആര് പറഞ്ഞു ! ഇതാണ് ചെയ്യേണ്ടത്

തിങ്കള്‍, 10 ജൂലൈ 2023 (17:23 IST)
മഴക്കാലമായതു കൊണ്ട് സംസ്ഥാനത്ത് പനി കേസുകള്‍ പെരുകുകയാണ്. പനി ലക്ഷണം കണ്ടാല്‍ തന്നെ വൈദ്യസഹായം തേടുകയാണ് വേണ്ടത്. പനി വന്നാല്‍ കഞ്ഞി മാത്രമേ കുടിക്കാവൂ എന്ന പൊതുബോധം മലയാളികള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ അത് അശാസ്ത്രീയമായ ചിന്താഗതിയാണ്. പനി വരുമ്പോഴാണ് ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത്. പനി വരുമ്പോള്‍ ശരീരത്തിനു തളര്‍ച്ചയുണ്ടാകും. ആ സമയത്ത് ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. 
 
പനി ഉള്ള സമയത്ത് മത്സ്യവും മാംസവും കഴിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ല. എളുപ്പത്തില്‍ ദഹിക്കുന്ന സൂപ്പ് രൂപത്തില്‍ ആയിരിക്കണം മാംസം കഴിക്കേണ്ടത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കിയാല്‍ മതി. പനിയുള്ളപ്പോള്‍ കറിവെച്ച മീന്‍ കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യില്ല. ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ എല്ലാ ഭക്ഷണ സാധനങ്ങളും പനിയുള്ളപ്പോള്‍ കഴിക്കാം. പനിയുള്ള നന്നായി വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. 
 
പനിയോടൊപ്പം വയറിളക്കവും ഛര്‍ദ്ദിയും ഉള്ളവര്‍ അതു മാറുന്നത് വരെ കഴിയുന്നതും അരിയാഹാരം കഴിക്കുവാന്‍ ശ്രദ്ധിക്കുക..ഭക്ഷണത്തിന്റെ അളവ് കുറച്ചാല്‍ വയറിളക്കം കുറയും എന്നത് മിഥ്യാധാരണ ആണ്. ഇടവേളകളില്‍ ഉപ്പ് ചേര്‍ത്ത കഞ്ഞിവെള്ളമോ ഉപ്പും മധുരവും ചേര്‍ന്ന നാരങ്ങാവെള്ളമോ ഉത്തമം. തൈര്, മുട്ട, പാല്‍, കരിക്ക് എന്നിവയും പനിയുള്ളപ്പോള്‍ കഴിക്കണം. ധാരാളം ഇലക്കറികളും പഴങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. പനിയുള്ളപ്പോള്‍ വിശപ്പ് കുറവാണെങ്കിലും ഭക്ഷണം കഴിക്കാന്‍ മടി കാണിക്കരുത്. അങ്ങനെ നമുക്കു പനിയെ പ്രതിരോധിക്കാം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍