രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? ഹൃദയം പണിമുടക്കും!

നിഹാരിക കെ.എസ്

ഞായര്‍, 26 ഒക്‌ടോബര്‍ 2025 (17:05 IST)
പകൽ മുഴുവനുള്ള ഓട്ടത്തിനൊടുവിൽ ശാന്തവും സ്വസ്ഥവുമായ ഉറക്കം ലഭിച്ചില്ലെങ്കിൽ നാളേയ്ക്ക് ഉന്മേഷം ഉണ്ടാകില്ല. നല്ല ഉറക്കമാണ് ഒരു മനുഷ്യനെ ഉന്മേഷവാനായി വെയ്ക്കുന്നത്. നല്ല ഉറക്കം ലഭിക്കണമെങ്കിൽ മുറിയിൽ വെളിച്ചമുണ്ടാകാൻ പാടില്ല. എന്നാൽ, ചിലർക്ക് വെളിച്ചം കണ്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല. 
 
രാത്രി ഉറങ്ങുമ്പോഴും മുറിയിലെ ലൈറ്റുകൾ ഓഫ് ആക്കാൻ പലർക്കും മടിയാണ്. ചിലർക്ക് ഇരുട്ടിനെ ഭയമാണ്. അങ്ങനെയുള്ളവർ ലൈറ്റ് ഇട്ട് വെച്ച് തന്നെ ഉറങ്ങും. വെളിച്ചം നല്ലതാണെങ്കിലും അമിതമായാൽ വെളിച്ചവും പണി തരാം. രാത്രി ബ്രൈറ്റ് ലൈറ്റുകളുടെ അമിത ഉപയോ​ഗം ഹൃദയാഘാതം ഉൾപ്പെടെ ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്നുവെന്ന് JAMA നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
 
അധികമാരും സംസാരിക്കാത്ത ഒരു വിഷയമാണ് വെളിച്ച മലിനീകരണം. ആവശ്യത്തിലധികം വെളിച്ചം നമ്മെ മാനസികവും ശാരീരികവുമായും ബാധിക്കുന്നു. നമ്മുടെ ശരീരത്തിനൊരു താളമുണ്ട്. രാത്രി ഉറങ്ങാനും പകൽ ഉണരാനും ഈ താളം അതായത്, സർക്കാഡിയൽ റിഥം നമ്മെ സഹായിക്കുന്നു. 
 
രാത്രി ഇരുട്ട് വീഴുന്നതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന. സൂര്യനുദിക്കുമ്പോഴുള്ള വെളിച്ചം ഉണരാനും. എന്നാൽ രാത്രിയിലും വെളിച്ചം കാണുന്നത് ഈ താളത്തെ ത‌ടസപ്പെടുത്താനും ഉറക്കരീതികളെയും ഹോർമോൺ പ്രവർത്തനത്തെയും ഉൾപ്പെടെ തകിടംമറിക്കാനും കാരണമാകുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.
 
ഇപ്പോഴിതാ, ഈ സർക്കാഡിയൻ താളം (Circadian Rhythm) മാത്രമല്ല, ഹൃദയാരോ​ഗ്യത്തിനും രാത്രിയിലെ വെളിച്ചം വില്ലനാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദം, ശരീരവീക്കം, വർധിച്ച ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങൾക്കും കാരണമാകുന്നു. ഇത് ക്രമേണ ഹൃദ്രോ​ഗങ്ങളിലേക്കും നയിക്കാമെന്ന് ​ഗവേഷകർ വിശദീകരിക്കുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, അമിതമായി സ്ക്രീൻ ഉപയോ​ഗിക്കുന്നവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതലെന്നും ​ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
 
രാത്രിയിൽ ബ്രൈറ്റ് ലൈറ്റ് പതിവായി ഉപയോഗിക്കുന്നവരിൽ കൊറോണറി ആർട്ടറി രോഗം ഉണ്ടാകാനുള്ള സാധ്യത 32 ശതമാനവും ഹൃദയാഘാത സാധ്യത 56 ശതമാനവും സ്‌ട്രോക്ക് സാധ്യത 30 ശതമാനവും കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഹൃദ്രോഗങ്ങളും രാത്രിയിൽ ബ്രൈറ്റ് ലൈറ്റുകൾ ഉപയോഗിക്കുന്നതും തമ്മിൽ നേരിട്ടുള്ള ബന്ധം പഠനം ചൂണ്ടിക്കാണിക്കുന്നുവെന്ന് ​ഗവേഷകർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍