കുളി കഴിഞ്ഞ ഉടനെ മുടി ചീകാറുണ്ടോ? ഒരിക്കലും ചെയ്യരുത്

വ്യാഴം, 28 ഡിസം‌ബര്‍ 2023 (15:32 IST)
എങ്ങോട്ടെങ്കിലും യാത്ര പോകാന്‍ ഇറങ്ങും മുന്‍പ് മുടി നന്നായി ചീകി ഒതുക്കുന്ന ശീലം നമുക്കുണ്ട്. മാത്രമല്ല കുളി കഴിഞ്ഞാല്‍ ഉടനെ കണ്ണാടിക്ക് മുന്നില്‍ നിന്നു മിനിറ്റുകളോളം മുടി ചീകുന്നവരും ഉണ്ട്. എന്നാല്‍ ഒരു കാരണവശാലും കുളി കഴിഞ്ഞ ഉടനെ മുടി ചീകരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ മുടി പൊട്ടിപ്പോകാനും കൊഴിയാനും സാധ്യത കൂടുതലാണ്. 
 
നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ നിങ്ങളുടെ മുടി അതീവ ദുര്‍ബലമായിരിക്കും. ഈ സമയത്ത് കൂര്‍ത്ത മുനകള്‍ ഉള്ള ചീര്‍പ്പ് മുടിയിഴകള്‍ക്കിടയില്‍ എത്തിയാല്‍ അത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും. മാത്രമല്ല തത്ഫലമായി മുടി ധാരാളം കൊഴിയാനും സാധ്യതയുണ്ട്. മുടി ചീകുന്നുണ്ടെങ്കില്‍ കുളിച്ച ശേഷം നന്നായി ഉണങ്ങിയിട്ടേ അത് ചെയ്യാവൂ. പല്ലുകള്‍ തമ്മില്‍ കൂടുതല്‍ അകലം ഉള്ള ചീര്‍പ്പുകള്‍ വേണം മുടിയില്‍ ഉപയോഗിക്കാന്‍. മാത്രമല്ല ഇടയ്ക്കിടെ മുടി ചീകുന്നത് പരമാവധി ഒഴിവാക്കുക. കുളി കഴിഞ്ഞു ഉണങ്ങിയ ശേഷം കൈകള്‍ കൊണ്ട് മുടി ഒതുക്കിയിടുന്നതാണ് കൂടുതല്‍ നല്ലത്. ചീര്‍പ്പ് അമിതമായി ഉപയോഗിച്ചാല്‍ തലയോട്ടിയിലെ എണ്ണമെഴുക്ക് പൂര്‍ണമായി ഇല്ലാതാകുകയും മുടിയിഴകള്‍ ഡ്രൈ ആകുകയും ചെയ്യുന്നു. ചീര്‍പ്പിന്റെ ഉപയോഗം ചിലരില്‍ താരനു കാരണമാകുന്നു. ഒരാള്‍ ഉപയോഗിച്ച ചീര്‍പ്പ് മാറി ഉപയോഗിക്കുന്നതും പരമാവധി ഒഴിവാക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍