കോഫി ലഹരിയോ? അറിയാം ചില കാപ്പിക്കാര്യങ്ങൾ

Webdunia
ചൊവ്വ, 10 മെയ് 2016 (19:15 IST)
രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് ബെഡ് കോഫി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരുണ്ട്. കാപ്പി കുടിക്കുന്നത് ഉന്മേഷമാണ്. കാപ്പി കുടിച്ചില്ലേൽ ഒരു ഉഷാറും ഉണ്ടാകില്ല. അങ്ങനെയെങ്കിൽ കാപ്പി ഉന്മേഷത്തേക്കാൾ ലഹരി അല്ലേ നൽകുന്നത്?. ശരിക്കും ഈ കാപ്പി കള്ളിനെപ്പോലെയല്ലെ. ഒരിക്കൽ കുടിച്ചാൽ പിന്നീട് അഡിക്ടാകുന്ന ലഹരി. എന്നാൽ ഈ 'കോഫി ലവേഴ്സ്' അറിഞ്ഞിരിക്കേണ്ട ചില കാപ്പിക്കാര്യങ്ങൾ ഉണ്ട്.

കാപ്പി:

കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

കാപ്പി വന്ന വഴി:

എത്യോപ്യന്‍ ആട്ടിടയന്‍മാരാണ് കാപ്പിയുടെ ഉന്മേഷമുണ്ടാക്കുന്ന പ്രത്യേക കഴിവ് യാദൃശ്ചികമായി കണ്ടെത്തിയത്. കാപ്പിക്കുരു കഴിച്ച് ആഹ്ലാദിച്ച് തുള്ളിച്ചാടുന്ന ആട്ടിന്‍പറ്റത്തെ കണ്ടപ്പോൾ അവരും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ ആയിരുന്നു കാപ്പിക്കുരു.

കാപ്പി കഴിക്കൂ... സൗന്ദര്യം നിങ്ങളെ തേടി വരും:

1. ചർമം മൃദുലമാകാൻ കാപ്പിപ്പൊടി ഉപയോഗിക്കാം
2. ചെറിയ തരിയായുള്ള കാപ്പിപ്പൊടി ബോഡി സ്പ്രേ ആയിട്ട് ഉപയോഗിക്കാം
3. ഫെയ്സ് പാക്കിൽ കാപ്പിപ്പൊടി ഉപയോഗിച്ചാൽ ചർമത്തിന് തിളക്കം വർദ്ധിക്കും
4.  വ്യായാമം ചെയ്യുന്നതിനു മുൻപ് ഒരു കപ്പ് കാപ്പി കുടിക്കുക. ഉന്മേഷം ഉണ്ടാകും

വില്ലനാകുന്ന കാപ്പി:

കാപ്പി വില്ലനല്ല, എന്നാൽ കാപ്പിയിലെ കഫീൻ വില്ലനാണ്. വീണ്ടും വീണ്ടും കാപ്പി കുടിക്കണമെന്ന് തോന്നുന്നതിന്റെ പ്രധാന കാരണം ഈ കഫീനാണ്. കഫീന്റെ അളവ് വർദ്ധിച്ചാൽ അതു ബാധിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഹൃദയമിടിപ്പ് കൂടും, എപ്പോഴും ഛർദ്ദിക്കാൻ തോന്നും. വിറയൽ, അസ്വസ്ഥത ഇതിന്റെയൊക്കെ കാരണവും ഈ കാപ്പിയിലെ കഫീൻ തന്നെ.

ജോലിക്കിടയിലും പഠനത്തിലും ഉറക്കത്തെ അകറ്റി നിർത്താൻ നാം കാപ്പി കുടിക്കാറുണ്ട്. എന്നാൽ ഈ കാപ്പി കുടി പിന്നീട് ഉറക്കം തന്നെ ഇല്ലാതാക്കും. ഈ ഉറക്ക കുറവ് ശരീരത്തിന്റെ തന്നെ താളം തെറ്റിക്കും. രക്തസമ്മർദം കൂടാനും കാപ്പി ഒരു കാരണമാകും.

കാൻസറിനേയും ഡയബറ്റീസിനേയും അകറ്റി നിർത്തുന്ന കാപ്പിയെ വിശ്വസിക്കരുത്. ഹൃദയാഘാതം, പക്ഷാഘാതം, ഇവയെല്ലാം വരുന്നതിന്റെ മുഖ്യ കാരണം കാപ്പിയാണ്. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാതെ മറിയിരിക്കുകയാണ് കാപ്പി. ഇതിനാല്‍ ആരോഗ്യപരമായ ജീവിതത്തിന് കാപ്പികുടി കുറയ്‌ക്കുന്നതാണ് നല്ലത്.
Next Article