വേനല്‍ കനക്കുന്നു; കോക്ക്, പെപ്സിക്ക് ആശങ്ക!

Webdunia
ബുധന്‍, 28 മാര്‍ച്ച് 2012 (11:01 IST)
PRO
PRO
സംസ്ഥാനത്ത് വേനല്‍ കനക്കുന്നതോടെ തങ്ങളുടെ ലാഭവിഹിതം അരക്കെട്ടുറപ്പിക്കാം എന്ന് സ്വപ്നം കണ്ടിരുന്ന ബഹുരാഷ്ട്ര ശീതള പാനീയക്കമ്പനികള്‍ അമ്പരന്ന് നില്‍‌പ്പാണ്. കേരളം കത്തുന്ന വേനലിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ‘കമ്പനി ഐറ്റംസ്’ അത്ര ഏശുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇളനീരും മോരും തണ്ണിമത്തനും തുടങ്ങിയ പ്രകൃതിദത്ത ദാഹശമന ഇനങ്ങളാണ് വഴിയോരങ്ങളെ ഭരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ളവയാണ് വഴിയോരങ്ങളിലെ പ്രത്യേക തരത്തിലുള്ള പെട്ടിക്കടകള്‍. പലതരം ഉപ്പിലിട്ട വകകളും പ്രകൃതിദത്തമായ ഇനങ്ങളും കൊണ്ട് അലങ്കരിച്ച്, യാത്രക്കാരെയും കാത്തിരിക്കുന്ന ഇത്തരം കടകളുടെ കാഴ്ച തന്നെ കണ്ണും മനസും കുളിര്‍പ്പിക്കുന്നതാണ്. ഇളനീര്‍, പനനൊങ്ക്, തണ്ണിമത്തന്‍, മോര്, കരിമ്പിന്‍ ജ്യൂസ്, ഉപ്പിലിട്ട വകകള്‍ എന്നിവയ്ക്കൊപ്പം പെപ്സി, കൊക്കക്കോള, മിരാണ്ട, ഫാന്റ തുടങ്ങിയ കൃത്രിമ പാനീയങ്ങളും ഈ കടകളില്‍ ഉണ്ട്.

കേരളം മീനച്ചൂടിലേക്ക് കാലെടുത്ത് വച്ചതോടെ, വഴിവക്കിലെ ദാഹശമന കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. എല്ലാത്തരം പാനീയ വിഭവങ്ങളും തങ്ങളുടെ പക്കലുണ്ടെങ്കിലും ഏറ്റവും അധികം വിറ്റുപോകുന്നത് ഇളനീരാണെന്ന് ഇവര്‍ സാക്‌ഷ്യപ്പെടുത്തുന്നു. ദാഹശമനത്തിനൊപ്പം ഉന്മേഷവും നല്‍കുന്നതിനാലാണ് കരിക്കിനു പ്രിയമേറെ. ഈ ഡിമാന്‍ഡ് കച്ചവടക്കാര്‍ മുതലാക്കുന്നുമുണ്ട്. 25 മുതല്‍ 30 വരെയാണ് ഇളനീരിന്‍റെ വില.

ഉപ്പിലിട്ട വകകള്‍ക്കും നല്ല ആവശ്യക്കാരുണ്ട്. മാങ്ങ, നെല്ലിക്ക, നാരങ്ങ, കാരറ്റ്, ബീറ്റ് റൂട്ട്, കക്കിരി, കോവയ്ക്ക എന്ന് തുടങ്ങി പേരയ്ക്ക ഉപ്പിലിട്ടത് വരെ ഇത്തരം കടകളില്‍ ലഭിക്കുന്നു. വിനാഗിരിയും ഇഞ്ചിയും മുളകുമെല്ലാം ചേര്‍ത്ത് ഉപ്പിലിട്ട് ചില്ല് ഭരണികളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ വകകള്‍ കണ്ടാല്‍ വായില്‍ വെള്ളം നിറയുമെന്ന് ഉറപ്പ്.

കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കിക്കൊണ്ട് കേരളീയര്‍ കാണിക്കുന്ന മാതൃക രാജ്യത്തിനൊട്ടാകെ മാതൃകയാണെന്ന് പറയാതെ വയ്യ. പ്രകൃതിദത്ത ദാഹശമനികള്‍ വാങ്ങിക്കുടിച്ചുകൊണ്ട് ദാഹം ശമിപ്പിക്കുകയും ആരോഗ്യം ഉറപ്പിക്കുകയും ചെയ്യുന്നതിനൊപ്പം നാട്ടിലെ കര്‍ഷകരുടെ കണ്ണീര്‍ ഒപ്പുക കൂടിയാണ് മലയാളികള്‍!