വിഭ്രമത്തിനു പിന്നില്‍ കാപ്പികുടിയും!

Webdunia
WD
പ്രേതങ്ങളെ കാണുന്നതായും വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും ഇടയ്ക്കിടെ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എങ്കില്‍ ഡോക്ടറെ കാണാന്‍ പോകുന്നതിനുമുമ്പായി ദിവസം ഏഴോ അതിലധികമോ കപ്പ് കാപ്പികുടിക്കുന്നുണ്ടോയെന്ന് ചിന്തിച്ചുനോക്കുക.

ദിവസം ഒരു കപ്പ് കാപ്പികുടിക്കുന്നവരെ അപേക്ഷിച്ച് മായാഭ്രമങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യത അമിതമായി കാപ്പിക്കുടിക്കുന്നവരില്‍ വളരെ കൂടുതലാണെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് തെളിഞ്ഞിരിക്കുന്നത്.

മാനസിക രോഗം, ബാല്യകാലത്തുണ്ടായ മാ‍നസികാഘാതം തുടങ്ങിയവയാണ് ഇത്തരത്തിലുള്ള തോന്നലുകള്‍ക്ക് പിന്നിലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ശാസ്ത്രജ്ഞര്‍ 200 വിദ്യാര്‍ഥികളെ പഠനത്തിനുവിധേയമാക്കിയതോടെയാണ് പ്രേതത്തിനുപിന്നിലെ വില്ലന്‍ കാപ്പിയാണെന്ന് കണ്ടെത്തിയത്.

ഉയര്‍ന്ന അളവില്‍ കാപ്പികുടിക്കുന്നതുവഴി ശരീരം ഉല്പാദിപ്പിക്കുന്ന കോര്‍ട്ടിസോളോള്‍ എന്ന ഹോര്‍മോണാണ് ഇത്തരം മായാഭ്രമങ്ങള്‍ സൃഷ്ടിക്കുന്നത്. കാപ്പിക്കുപുറമെ ചായ, ചോക്ലേറ്റ്, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവയ്ക്കും ഈ ഹോര്‍മോണ്‍ ഉല്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ കാപ്പി തന്നെയാണ് ഇത്തരം തോന്നലുകള്‍ക്ക് പിന്നിലെന്ന് ഉറപ്പിക്കാന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണ്. കാരണം മാനസികസമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ കൂടുതല്‍ കാപ്പിക്കുടിക്കാനുള്ള സാധ്യത കൂടുതലായാതിനാല്‍ കാപ്പിയാണോ മാനസികസമ്മര്‍ദ്ദമാണോ പ്രേതങ്ങളെക്കുറിച്ച് തോന്നലുണ്ടാക്കെന്നതെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. മന:ശാസ്ത്ര വിദ്യാര്‍ത്ഥിയായ സൈമണ്‍ ജോണ്‍സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.