രാത്രി ജോലി....അപകടമുണ്ട്

ബുധന്‍, 8 ഏപ്രില്‍ 2009 (20:12 IST)
WD
രാത്രി ഷിഫ്റ്റിലെ ജോലി ആസ്വദിക്കുന്നവര്‍ വളരെ കുറവായിരിക്കും. സ്വാഭാവികമായുള്ള ഉറക്കം കളഞ്ഞ് ജോലിയില്‍ ശ്രദ്ധ പുലര്‍ത്തുക എന്തായാലും ശരീരത്തിനും മനസ്സിനും ബുദ്ധിമുട്ട് തന്നെ. രാത്രി ഷിഫ്റ്റിലെ ജോലി നാം കരുതുന്നതിനും അപ്പുറമുള്ള അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

രാത്രി വൈകിയും പ്രകാശമുള്ള സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് മനുഷ്യരില്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്ന ഒരു ഹോര്‍മോണിന്‍റെ ഉത്പാദനം കുറയ്ക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തുലാന്‍ സര്‍വകലാശാല ഗവേഷകനായ ഡോ. ഡേവിഡ് ബ്ലാസ്കാണ് അര്‍ബുദത്തിന് കാരണമാകാവുന്ന ഈ സാഹചര്യത്തെ കുറിച്ച് വിശദീകരിച്ചത്.

രാത്രിസമയത്ത് തലച്ചോറിലുള്ള പിനിയല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മെലാടോണിന്‍ എന്ന ഹോര്‍മോണും സ്തനാര്‍ബുദവും തമ്മിലുള്ള ബന്ധം ആദ്യമായി ശാസ്ത്ര ലോകത്തോട് പറഞ്ഞതും ഡേവിഡ് ബ്ലാസ്കായിരുന്നു. പുതിയ പരീക്ഷണത്തിലാവട്ടെ, രാത്രി കാലങ്ങളില്‍ വെളിച്ചമുള്ള സമയത്ത് മെലാടോണിന്‍റെ ഉത്പാദനം കുറയുന്നതായും ബ്ലാസ്ക് ശാസ്ത്ര ലോകത്തിന് വിവരിച്ചു നല്‍കുന്നു.

രാത്രികാലങ്ങളില്‍ പ്രകാശ തീവ്രതയുള്ള സമയത്ത് മെലാടോണിന്‍ ഉത്പാദനം കുറയുന്നത് മനുഷ്യരിലെ സ്തനാര്‍ബുദ സാധ്യത ഇരട്ടിപ്പിക്കുന്നതായും ബ്ലാസ്കും സംഘവും പറയുന്നു. അതിനാല്‍, ഓര്‍ക്കുക നൈറ്റ് ഷിഫ്റ്റിലെ ജോലി അപകടത്തെ ക്ഷണിച്ചു വരുത്തും.

വെബ്ദുനിയ വായിക്കുക