പനങ്കുല പോലെ മുടി വളരും... പക്ഷേ ഈ കാര്യങ്ങള്‍ ശീലിക്കണമെന്നു മാത്രം !

ശനി, 15 ജൂലൈ 2017 (11:55 IST)
മുടികൊഴിച്ചിലിന്റെ നിരാശയിലാണ് ഇന്നത്തെ ഭൂരിഭാഗം യുവാക്കളും. ഈ പ്രശ്നമൊന്ന് പരിഹരിച്ചു കിട്ടുന്നതിനായി എത്ര പണം വേണമെങ്കിലും ചെലവാക്കാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാണ്. മുടി കൊഴിച്ചിലിന് ഇരകളാകുന്നവരില്‍ സ്ത്രീ പുരഷ ഭേദമില്ല. എങ്കിലും പുരുഷന്മാരിലാണ് മുടികൊഴിച്ചിൽ ഏറെയും പ്രശ്നങ്ങളുണ്ടാക്കുന്നത്. ചെറുപ്പത്തിലേ മുടി കൊഴിയുന്നത് കഷണ്ടിയടക്കമുള്ള അവസ്ഥകളിലേക്ക് അവരെ എത്തിക്കുകയും ചെയ്യും. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടികൊഴിച്ചില്‍ തടയാം. ചെയ്യാനുള്ളതാവട്ടെ വളരെ ലളിതമായ ചില കാര്യങ്ങള്‍ മാത്രവുമാണ്.
 
തലയിൽ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു ഏറെ നല്ലതാണ്. മുടിയിഴകളിലേക്ക് രക്തയോട്ടം കൂടുന്നതിനും തുടര്‍ന്ന് മുടി കൊഴിഞ്ഞുപോകുന്ന സ്ഥിതി ഇല്ലാതാക്കുന്നതിനും ഇതു സഹായകമാകും. അതുപോലെ തലയിലെ ഇൻഫെക്ഷൻ, താരൻ എന്നിവ മാറ്റുന്നതിനും ഇതു സഹായിക്കും. മുട്ട, ചിക്കന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നതു മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. 
 
മുടിയുടെ ആരോഗ്യത്തിനു ഏറെക്കുറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ജ്യൂസ് രൂപത്തിലാക്കി തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. രാത്രി കിടക്കും മുൻപ് ഇത്തരത്തില്‍ ചെയ്ത് രാവിലെ ഷാംപു ഉപയോഗിച്ചു കഴുകി കളയുന്നതും മുടികൊഴിച്ചില്‍ തടയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതുപോലെ ഉള്ളിയോ സവാളയോ ജ്യൂസ് രൂപത്തിലാക്കി തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ തടയാന്‍ സഹായിക്കും. അതുപോലെ പുതിയ മുടിയിഴകൾ കിളിർക്കുന്നതിനും ഇത് ഉത്തമ ഔഷധമാണ്.  
 
ശരീര സംരക്ഷണത്തിന് മാത്രമല്ല മുടിയെ പരിചരിക്കാനും ഉത്തമമായ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടി പിളരുന്നതിനെ തടയും. ഒരുകപ്പു വെള്ളത്തിൽ രണ്ടു ഗ്രീൻ ടീ ബാഗിട്ട് തിളപ്പിച്ച് അത് ചൂടാറിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂർ കഴിഞ്ഞു കഴുകിക്കളയുകയാണ് വേണ്ടത്. പേരയ്ക്കയിലകളില്‍ വിറ്റാമിന്‍ ബി ധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഏറെ ഗുണകരമാണ്. പേരയ്ക്കയില വെള്ളത്തിലിട്ട് തിളപ്പിച്ച് കഷായമാക്കി തലയില്‍ തേക്കുന്നത് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക