ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ന്യുമോണിയ മൂലമാണ്. ലോകാരോഗ്യ സംഘടന ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോഷകാഹാരകുറവ്, വീടുകളിലെ മോശമായ പരിതസ്ഥിതികള്‍, മോശമായ ആരോഗ്യസ്ഥിതി എന്നിവ മൂലമാണ് കുട്ടികളില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്നത്.
നിരവധി രാജ്യങ്ങളില്‍ ന്യുമോണിയ വലിയ ഭീഷണിയാണ്. ന്യുമോണിയ നിയന്ത്രിക്കാനും ബോധവത്കരണം നടത്താനും മറ്റും ആഗോള കര്‍മ്മപദ്ധതി തന്നെ തയ്യാറാക്കപ്പെടുന്നുണ്ട്. വായുവില്‍ക്കൂടിയാണ് ന്യുമോണിയ പകരുന്നത്. പിഞ്ചുകുട്ടികള്‍ക്ക് ന്യുമോണിയ വരാന്‍ സാധ്യത കൂടുതലാണ്. യഥാസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും.
ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകളാണ് ന്യുമോണിയ പെട്ടെന്ന് കുറയ്ക്കാനായി നല്‍കുന്നത്. ഫലപ്രദമായ ഉപയോഗത്തിലൂടെ ന്യുമോണിയയ്ക്കുള്ള ചികിത്സ ഇതിലൂടെ നടക്കുന്നു. രോഗിയുടെ ആരോഗ്യസ്ഥിതി, പ്രായം, അസുഖം എത്ര മാരകമാണ് എന്നതിനെ ആശ്രയിച്ചാണ് ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാര്‍ നിശ്ചയിക്കുക.
എത്രത്തോളം ഗുരുതരാവസ്ഥയിലാണ് രോഗി എന്നതും ആരോഗ്യസ്ഥിതിയും അനുസരിച്ചായിരിക്കും ആന്റിബയോട്ടിക്കുകള്‍ എത്രദിവസം കഴിക്കണം എന്ന് നിശ്ചയിക്കുക. ആന്റിബയോട്ടിക് കഴിച്ച് മൂന്നാം ദിവസം മുതല്‍ ന്യുമോണിയ കുറഞ്ഞുതുടങ്ങുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നീ മൂന്ന് രോഗകാരണങ്ങള്‍ ന്യുമോണിയയ്ക്കുണ്ട്. പ്രധാനമായും ശ്വാസകോശത്തെയാണ് ന്യുമോണിയ ബാധിക്കുന്നത്. വൈറല്‍ ന്യുമോണിയ പൂര്‍ണമായും മാറണമെങ്കില്‍ കുറച്ച് ആഴ്ചകള്‍ വേണ്ടിവരും. കഫം, പനി, തലവേദന, മസില് വേദന, തളര്‍ച്ച, ശ്വാസംമുട്ടല്‍, ഇടവിട്ടുള്ള പനി പലപ്പോഴും 102 ഡിഗ്രിക്ക് മുകളില്‍ വരിക, അകാരണമായി വിയര്‍ക്കുക, തണുത്തുവിറയ്ക്കുക, ചുണ്ടുകള്‍ നീലനിറമാകുക തുടങ്ങിയവ ന്യുമോണിയയുടെ ലക്ഷണങ്ങളാകാം.
ന്യുമോണിയ തടയാനുള്ള മാര്‍ഗങ്ങള്‍:
1. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
2. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.
3. ഭക്ഷണത്തിനു മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
4. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.
5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കുക.