ആ ചെകുത്താനോട് വേഗം മനസിന്‍റെ റൂം വെക്കേറ്റ് ചെയ്യാന്‍ പറ...!
തിങ്കള്‍, 6 ഫെബ്രുവരി 2017 (16:14 IST)
നോക്കിയാല്‍ ദേഷ്യം, നോക്കിയില്ലെങ്കില്‍ ദേഷ്യം. മിണ്ടിയാലും ഇല്ലെങ്കിലും ദേഷ്യം. തൊട്ടാല്‍ ദേഷ്യം. ചിരിച്ചാല്‍ ദേഷ്യം. ഇങ്ങനെ എപ്പോഴും ദേഷ്യം വരുന്ന ഒരു സ്വഭാവമുണ്ടോ? എങ്കില്‍, നിങ്ങളുടെ വലിയ ഒരു ശത്രുവിനെ എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്നതുപോലെ അപകടകരമാണ് നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി!
ദേഷ്യമാണ് ഒരു മനുഷ്യന്‍റെ ഉയര്‍ച്ചയ്ക്ക് തടസമായി നില്‍ക്കുന്ന പ്രധാന ശത്രു. നിങ്ങള്‍ക്ക് ആരോടെങ്കിലും കടുത്ത ദേഷ്യം തോന്നുന്നുണ്ടെങ്കില്‍ മനസിലാക്കുക, നിങ്ങള്‍ വലിയ കുഴപ്പത്തിലേക്കാണ് പോകുന്നത്. ദേഷ്യം വലിയ അളവില്‍ ഊര്‍ജ്ജനഷ്ടം ഉണ്ടാക്കും. മനസിന്‍റെ സമാധാനം കളയും. ആരോഗ്യം നശിക്കും. ദേഷ്യത്തെ ഒരിക്കലും മനസില്‍ സിംഹാസനമിട്ട് ഇരിക്കാന്‍ അനുവദിക്കരുത്.
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ പെട്ടെന്ന് മുന്നില്‍ വന്നുപെട്ടാല്‍ അവരോട് സംസാരിക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ തവണ ആലോചിക്കണം. നിങ്ങള്‍ കോപത്തിന്‍റെ പുറത്ത് എന്തും വിളിച്ചുപറഞ്ഞാല്‍ സീന്‍ കോണ്‍ട്രയാകുമെന്ന് ഉറപ്പ്. പിന്നീട് പശ്ചാത്തപിക്കുന്ന സാഹചര്യം ഉണ്ടാക്കുന്നതിന് പകരം ആദ്യമേ ആലോചിച്ച് തീരുമാനിച്ച് സംസാരിച്ചാല്‍ മതിയല്ലോ. നാവിന് അല്‍പ്പം അടക്കം പാലിക്കുന്നത് നല്ലതാണെന്ന് സാരം.
മനസില്‍ ഒരളോട് ഈര്‍ഷ്യയുണ്ടെങ്കില്‍ അത് പൊട്ടിത്തെറിച്ചല്ല പ്രകടിപ്പിക്കേണ്ടത്. നമ്മുടെ മനസില്‍ തോന്നിയ അസ്വസ്ഥത നമുക്ക് തുറന്നുപ്രകടിപ്പിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. നല്ല ഭാഷയില്‍ തന്നെ അത് അവരോട് പ്രകടിപ്പിക്കാം. അവരുടെ എന്തെങ്കിലും നടപടി നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ തുറന്നുപറയുമ്പോള്‍ അവര്‍ക്ക് വേദനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ ദേഷ്യവും സങ്കടവുമെല്ലാം പോസിറ്റീവാക്കി മാറ്റുക എന്നത് ഒരു കലയാണ്.
നമ്മള്‍ നമ്മുടെ ഉള്ളിലെ ദേഷ്യം ആരോടെങ്കിലും ‘നല്ല രീതിയില്‍’ പ്രകടിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അത് മറന്നേക്കുക. അങ്ങനെയൊരു സംഭവമേ പിന്നീട് മനസില്‍ കൊണ്ടുനടക്കരുത്. അത്രയും നേരം ദേഷ്യം തോന്നിയവനോട് തോളില്‍ കൈയിട്ട് ഒരു സിനിമയ്ക്ക് പോകാന്‍ വരെ പ്ലാന്‍ ചെയ്യുകയും ചെയ്യാം.
ഒരു ജോലിയും ഇല്ലാത്തവരുടെ മനസിലാണ് ചെകുത്താന്‍ ജിംനേഷ്യം തുടങ്ങുക എന്ന് കേട്ടിട്ടില്ലേ. അതുകൊണ്ട് എന്തെങ്കിലുമൊക്കെ ജോലിയില്‍ എപ്പോഴും മുഴുകാന്‍ ശ്രദ്ധിക്കണം. രാവിലെ ഉണര്‍ന്ന് വെറുതെ മാനം നോക്കി കിടക്കരുത്. വ്യായാമവും കാര്യങ്ങളുമൊക്കെയായി പ്രഭാതം ഉഷാറാക്കാം.
കണ്ട് ജങ്ക് ഫുഡെല്ലാം വലിച്ചുകേറ്റുന്നതാണ് ടെന്‍ഷനും ദേഷ്യവും കൂടാന്‍ ഒരു കാരണം. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. പുകവലിയും മദ്യപാനവും പാടില്ലേ പാടില്ല. ജോലിയോട് മടി പാടില്ല. നല്ല ഒന്നാന്തരമായി ജോലി ചെയ്യുക. ജോലി സ്ഥലത്തെ ഗോസിപ്പ് കമ്പനിയോട് രണ്ടുകിലോമീറ്ററെങ്കിലും അകലം പാലിക്കുക. മറ്റുള്ളവര്‍ക്കൊപ്പം പുറത്തുപോകാനും തമാശകള്‍ പറയാനും ഒക്കെയാണ് സായന്തനങ്ങള്‍. അതങ്ങ് അടിപൊളിയാക്കുക. രാത്രി നേരത്തേ ഭക്ഷണം കഴിച്ചിട്ട് ദൈവത്തെ പ്രാര്‍ത്ഥിച്ച് നേരത്തേതന്നെ കിടന്നുറങ്ങുക.
ഏത് പ്രശ്നത്തിനും പരിഹാരമുണ്ട്. കാളപെറ്റെന്ന് കേട്ടയുടന്‍ ആംബുലന്‍സിന് ഫോണ്‍ ചെയ്യാന്‍ പോകേണ്ട. ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുക. ടെന്‍ഷനടിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അപ്പോ ചങ്ക്സ്, ജീവിതം അടിപൊളിയാക്കുകയല്ലേ?!!!