നടക്കുന്ന വേളയില്‍ ബാലന്‍സ്‌ നഷ്‌ടപ്പെടുന്നതായി തോന്നുന്നുണ്ടോ ? സൂക്ഷിക്കണം... സംഗതി പ്രശ്നമാണ് !

ബുധന്‍, 5 ഏപ്രില്‍ 2017 (15:09 IST)
നാം ചുറ്റുപാടുകള്‍ക്കു ചുറ്റുമോ ചുറ്റുപാടുകള്‍ നമുക്കു ചുറ്റുമോ കറങ്ങുക, ബാലന്‍സ്‌ നഷ്‌ടപ്പെടുന്നതുപോലെ വേച്ചുവേച്ചു പോവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ആന്തരകര്‍ണത്തിന് സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളാണ് സാധാരണയായി ഈ അവസ്ഥയ്ക്ക് കാരണമാകാറുള്ളത്. കേള്‍വിക്കുമാത്രമല്ല ചെവി ആവശ്യമുള്ളത്. ശരീരത്തിന്റെ ബാലന്‍സ്‌ നില നിലനിര്‍ത്തുന്നതിനും ചെവി വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ്‌ ഇതെന്നു പറയാം. 
 
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലകറക്കമുണ്ടാകാത്തവരായി ആരുംതന്നെയുണ്ടാകില്ല. മസ്‌തിഷ്‌കമാണ് യാതൊരു കറക്കവും കൂടാതെ നമ്മെ സന്തുലിതാവസ്‌ഥയില്‍ നിലനിര്‍ത്തുന്നത്‌. അതിനായി മസ്‌തിഷ്‌ക്കത്തെ സഹായിക്കുന്നതു പ്രധാനമായും ചെവി, കണ്ണ്‌, ത്വക്ക്‌ എന്നിവയുമാണ്‌. ആന്തരികകര്‍ണത്തിലെ വെസ്‌റ്റിബുലാര്‍ സിസ്‌റ്റത്തിന്റെയും ശരീരമാസകലം വിന്യസിക്കപ്പെട്ടിരിക്കുന്ന പൊസിഷന്‍ റിസപ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന നാഡികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്‌ ഇത്‌ സാധ്യമാവുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.   
 
അതുകൊണ്ടു തന്നെ ചെവിക്കുള്ളില്‍ ഉണ്ടാകുന്ന തകരാറുകള്‍, തലച്ചോറിനുള്ളിലെ പ്രശ്‌നങ്ങള്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍, രക്‌തസമ്മര്‍ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങള്‍, മരുന്നുകളുടെ അമിത ഉപയോഗം, മാനസികസമ്മര്‍ദം, വിളര്‍ച്ച, രക്‌തത്തിലെ ഗ്ലൂക്കോസ്‌ നിലയിലെ ഉയര്‍ച്ച-താഴ്‌ച എന്നിങ്ങനെ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടും തലകറക്കം അനുഭവപ്പെടാറുണ്ട്. ശരീരത്തിന്റെ ബാലന്‍സ്‌ നിയന്ത്രിക്കുന്ന ഭാഗത്തേക്കുള്ള രക്‌തസഞ്ചാരത്തിനു തടസം നേരിട്ടാലും തലകറക്കം ഉണ്ടാകാറുണ്ട്. 
 
തലകറക്കം ഉണ്ടായ ഉടന്‍‌തന്നെ ഡോക്‌ടറെക്കണ്ട്‌ ബി.പി. പരിശോധിക്കുകയാണ് നമ്മുടെ നാട്ടിലെ പതിവ്‌. എന്നാല്‍ രക്‌താതിമര്‍ദം പോലെതന്നെ കുറഞ്ഞ രക്‌തമര്‍ദവും വിളര്‍ച്ചയുമെല്ലാം തലകറക്കത്തിന് കാരണമായേക്കും. അമിതമായ മാനസിക സമ്മര്‍ദം ശരീരത്തിലെ ഹോര്‍മോണ്‍ നിലയില്‍ പ്രത്യേകിച്ച്‌ അഡ്രിനാലിന്റെ നിലയില്‍ മാറ്റം വരുത്തും. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനരാഹിത്യം തലകറക്കത്തിന്‌ കാരണമാകാറുണ്ട്.
 
യാത്ര ചെയ്യുന്നവേളയില്‍ അകലെയുള്ള വസ്‌തുക്കളില്‍ ശ്രദ്ധിക്കുകയോ കാഴ്‌ചയ്‌ക്കോ, കേള്‍വിക്കോ പ്രശ്‌നം ഉണ്ടെങ്കില്‍ കൃത്യമായ പ്രതിവിധി ചെയ്യുകയോ ചെയ്യണം. കൂടാതെ ഒരു വാക്കിങ്ങ്‌സ്റ്റിക്ക്‌ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്‌. ബാലന്‍സ്‌ നിയന്ത്രിക്കുന്നതിനും കൃത്യമായ സ്‌ഥലകാല ബോധത്തിനും ഇത്‌ തലച്ചോറിനെ സഹായിക്കും. കഴിവതും തല പിറകോട്ടോ, ചെരിഞ്ഞോ ഒരേ രീതിയില്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തലകറക്കമുള്ളവര്‍ ഡോക്‌ടറുടെ അനുമതിയില്ലാതെ വാഹനങ്ങള്‍ ഓടിക്കുകയോ, ഉയര്‍ച്ചയും താഴ്‌ചയുമുള്ള ഗോവണി കയറുകയോ ഇറങ്ങുകയോ ചെയ്യുകയുമരുത്.

വെബ്ദുനിയ വായിക്കുക