പ്ലാങ്ക് എക്സര്‍സൈസ് ചെയ്യൂ...ഫിറ്റ്നസ്സ് നിലനിര്‍ത്തു!

Webdunia
ശനി, 9 ഏപ്രില്‍ 2016 (16:30 IST)
ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതാണ് പലപ്പോഴും ഇന്നത്തെ കാലത്ത് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി എന്തൊക്കെ ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. ഫിറ്റ്‌നസ്സിനായി പലപ്പോഴും പലരുടേയും ഉപദേശങ്ങള്‍ സ്വീകരിച്ച് പല പ്രശ്‌നങ്ങളിലും ചെന്നു ചാടുന്നവരാണ് മിക്ക ആളുകളും.

ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ അവയുടെ പ്രായോഗികതയും ലാളിത്യവും വഴി ശരീരഭാരം ഉപയോഗിച്ച് ആകാരഭംഗി നേടുന്നതിലൂടെ ഫിറ്റ്നസ്സ് രംഗത്ത് വളരെയേറെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട് പോകാത്ത ഒരു ബോഡി വെയ്റ്റ് വ്യായാമമാണ് പ്ലാങ്ക്സ്. ഏതൊരാള്‍ക്കും ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണിത്. കാരണം അവ നിങ്ങളുടെ കുറഞ്ഞ സമയം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതിനാല്‍ കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടങ്ങള്‍ ഈ വ്യായാമത്തിലൂടെ നമുക്ക് സ്വന്തമാക്കാനും സാധിക്കും.

ശരീരത്തിന്‍റെ പിന്‍ഭാഗത്തിന് മുഴുവനായും കൂടാതെ നട്ടെല്ലിനും പിന്തുണ നല്‍കുന്നത് വയറ്റിലെ പേശികളാണ്. പരുക്കുകളില്‍ നിന്ന് തടയുന്നതില്‍ അവ പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും അവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് നമ്മുടെ ഉടലിലെ പേശികള്‍ കരുത്തുള്ളവയും പതിവായി പരിശീലനം ലഭിക്കുന്നതുമായിരിക്കണം. എല്ലാ ദിവസവും പ്ലാങ്ക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഉടലിന് കരുത്ത് നല്‍കുകയും അത് വഴി നട്ടെല്ലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.