സസ്യാഹാരത്തേക്കാള്‍ നല്ലത് മാംസാഹാരമാണോ ? അറിയാം ചില സത്യങ്ങള്‍ !

Webdunia
ശനി, 18 മാര്‍ച്ച് 2017 (17:23 IST)
സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലതെന്ന ചോദ്യം നമ്മള്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്ന ഒന്നാണ്. എത്രയൊക്കെ കാലമായാലും ഇപ്പോഴും ആ കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിലാണ് ആഹാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതരീതിയില്‍ സസ്യാഹാരത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന കാര്യം തീര്‍ച്ചയാണ്.  
 
സസ്യാഹാരത്തേക്കാള്‍ മെച്ചമായ ഭക്ഷണമാണ് മാംസാഹാരമെന്ന തെറ്റായ വിശ്വാസം ബ്രിട്ടീഷ് 
ശാസ്ത്രജ്ഞരാണ് നമുക്കിടയില്‍ പ്രചരിപ്പിച്ചത്. ശരീരത്തിന് കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കണമെങ്കില്‍ മാംസാഹാരം ശീലമാക്കണമെന്നതായിരുന്നു അവരുടെ സിദ്ധാന്തം. എന്നാല്‍ ആ സിദ്ധാന്തം തെറ്റാണെന്ന് കാലക്രമേണ തെളിയുകയും ചെയ്തു.          
 
പശു, ആട്, പന്നി എന്നിങ്ങനെയുള്ള മൃഗങ്ങളുടെ ചുവപ്പുനിറമുള്ള ഇറച്ചി കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍, രക്താതിമര്‍ദ്ദം, സന്ധിവാതങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് മോഡേണ്‍ മെഡിസിന്‍ എന്ന സംഘടന പറയുന്നത്. അതുപോലെ ഇത്തരം മൃഗങ്ങളുടെ ഇറച്ചിയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമായേക്കുമെന്നും പറയുന്നു.   
 
മൃഗക്കൊഴുപ്പുകളിലാണ് ഹൃദ്രോഗത്തിനു മുഖ്യകാരണമാകുന്ന ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ ഡി എല്‍  ഏറ്റവുമധികം കാണുന്നതെന്നും പഠനങ്ങള്‍ പറയുന്നു. നമ്മുടെ ഭക്ഷണത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാണ് നാരുകള്‍ അഥവാ ഫൈബേഴ്‌സ്. നാരുകളടങ്ങിയ ഭക്ഷണവസ്തുക്കള്‍ കഴിക്കാത്തതിലൂടെ ചിലതരം കാന്‍സറുകള്‍, പ്രമേഹം, മലബന്ധം, ഉദരരോഗങ്ങള്‍ മുതലായവ ഉണ്ടായേക്കുമെന്നും പറയപ്പെടുന്നു.
Next Article