ശ്രീലങ്കയിലെ നടനവേദികള്‍ ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. നര്‍ത്തകനായും നൃത്തസംവിധായകനായും ലോകോത്തരമായ സംഭാവനകള്‍ നല്കിയ ചിത്രസേന. ശ്രീലങ്കയുടെ കലാ-സാംസ്കാരിക രംഗം ചിത്രസേനയെ വിശേഷിപ്പിക്കുന്നത് "കലാരംഗത്തെ അഗ്രഗാമി' എന്നാണ്.
രാജ്യമാകെ കലാരംഗത്ത് പുതിയപാതകളുടെ വെളിച്ചം തേടിയവര്‍ക്ക് വഴികാട്ടിയാകുവാന്‍ ചിത്രസേനയ്ക്ക് കഴിഞ്ഞു. പരമ്പരാഗത കലകളിലും അനുഷ് ഠാന കലകളിലും വ്യത്യസ്തതയുടെ നിലാവുപരത്താന് അദ്ദേഹത്തിനായി. 1985 ല്‍ അന്തരിച്ചു.
ചിത്രസേനയുടെ പിതാവ് ഡീബര്ത് ദയസ് ഷേക്സ്പീയര് നാടകങ്ങളിലൂടെ അറിയപ്പെടുന്ന നടനും, സംവിധായകനും നിര്‍മ്മാതാവുമായിരുന്നു. ചിത്രസേനയുടെ കഴിവുകല്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ ദയസ് അദ്ദേഹത്തെ കലാപഠനത്തിനായി ഇന്ത്യയിലേക്കയച്ചു. ഇന്ത്യയില്‍ നിന്ന്കഥകളി, ടാഗൂറിന്റെ നൃത്തനാടകങ്ങള്‍, ഉദയ് ശങ്കറിന്റെ കലകള്‍ ഇവയില്‍ പരിചയം നേടി.
ശ്രീലങ്കന്‍ നൃത്തരൂപങ്ങളിലെ വേര്‍തിരിവുകളില്‍ നിന്ന് വേറിട്ട് ഇന്ത്യന്‍ നൃത്തരൂപങ്ങളെപ്പറ്റി കൂടുതലായി പഠിക്കുവാന്‍ ചിത്രസേന ഇന്ത്യയിലെത്തി.
ഗുരുഗോപിനാഥിന്റെ ശിഷ്യനായി ചിത്രോദയാ നൃത്തവിദ്യാലയത്തില്‍ ചേര്‍ന്ന അദ്ദേഹം കഥകളിയിലും നൃത്തനാടക രംഗത്തും പ്രാവീണ്യം നേടി. ചിത്രോദയയിലെ പഠനശേഷം ചിത്രസേനയെപ്പറ്റി ഗുരുഗോപിനാഥിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു .
""ചിത്രസേന ഒരു വലിയ നര്‍ത്തകനാകും. എതിരാളികളില്ലാത്ത നര്ത്തകന്''. അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമായി. എതിരാളികളില്ലാത്ത നര്‍ത്തകനായി ചിത്രസേന തുടര്‍ ന്നു മരണം വരെ
ശ്രീലങ്കയില്‍ പരമ്പരാഗതമായ നൃത്തരൂപങ്ങളില്‍ ചിത്രസേന കാലികമായ മാറ്റങ്ങള്‍ കുറിച്ചു. ശബ്ദ സംവിധാനത്തിലും, രംഗവിതാനത്തിലും നൂതനമായ പരിഷ്കാരങ്ങള്‍ വരുത്തി പരമ്പരാഗത കലകളെ കൂടുതല്‍ സംവേദനക്ഷമമാക്കി.
എത്ര പരിഷ്കാരങ്ങള്‍ വരുത്തിയാലും പരമ്പരാഗത നൃത്തരൂപങ്ങളുടെ തനതായ ഭാവം നിലനിര്‍ത്തുവാന്‍ തുടര്‍ച്ച മാത്രമാണ്. സിംഹള ബാലെ നൃത്തത്തില്‍ കലാപരമായ പരീക്ഷണങ്ങള്‍ക്ക് ചിത്രസേന മുതിര്‍ന്നു.
ചിത്രസേന രൂപം കൊടുത്ത "ചിത്രസേന ഡാന്‍സ് കമ്പനി ഓഫ് ശ്രീലങ്ക' നിരവധി വിദേശ രാജ്യങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. യൂറോപ്പ്, റഷ്യ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്, സിംഗപ്പൂര്‍, മലേഷ്യ, ഇന്ത്യ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ചിത്രസേനയുടെ കലയെ അടുത്തറിഞ്ഞു. ശ്രീലങ്കന്‍ പുരാണങ്ങളുടെ ചിത്രീകരണവും പ്രാദേശിക മിത്തുകളും ചിത്രസേനയുടെ സൗന്ദര്യ വ്യാപാരത്തിന് വിഷയങ്ങളായി.
1944 ല്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആദ്യ നൃത്തവിദ്യാലയമായ "ചിത്രസേന സ്കൂള്‍ ഓഫ് ഡാന്‍സ്' ആരംഭിച്ചു. പരമ്പരാഗത ചട്ടക്കൂടില്‍ നിന്ന് വേറിട്ട് നില്ക്കുന്ന ഒരു നൃത്ത സംസ്കാരം രൂപപ്പെടുത്തുന്നതില്‍ ഈ വിദ്യാലയം വഹിച്ച പങ്ക് ശ്ളാഘനീയമാണ്.
ഭാരതീയ സംസ്കാരവും കലകളും എന്നും ചിത്രസേനയെ ആകര്‍ഷിച്ചിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍ ചെയ്ത പ്രസംഗങ്ങള്‍ അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ചിത്രസേനയെ പ്രചോദിപ്പിച്ചു. വിദ്യാസമ്പന്നരായ സ്ത്രീ പുരുഷന്മാര് കലാരംഗത്തേയ്ക്കു വരണമെന്ന ആശയത്തിലൂടെ വിപ്ളവകരമായ മാറ്റം കുറിക്കാന്‍ ടാഗൂറിന് കഴിഞ്ഞു.
രാംഗോപാലിന്റെ ഭരതനാട്യവും ഉദയശങ്കറിന്റെ കലകളും ചന്ദ്രസേനയുടെ ചേതനയെ പരിപോഷിപ്പിച്ചു. കാന്‍ഡിയന്‍ നൃത്തത്തിനുവേണ്ടി പാര്‍ലര്‍ പിയാനോ പോലുള്ള സംഗീതോപകരണങ്ങള്‍ ആ സമയത്ത് ശ്രീലങ്കയില്‍ നിരോധിച്ചു.
ചിത്രസേനയുടെ അറുപതു വര്‍ഷം നൃത്ത ജീവിതത്തിലൂടെ വ്യക്തിപരമായ നേട്ടത്തേക്കാള്‍ ശ്രീലങ്കയുടെ നവസമ്സ്കാര സൃഷ്ടിക്ക് നല്കിയ സംഭാവനകളെയാണ് ഭാവി തലമുറ ഓര്‍മ്മിക്കുക. സൗന്ദര്യപരവും കലാത്മകവുമായ അറുപതു വര്‍ഷങ്ങളായി ശ്രീലങ്കയുടെ സാംസ്കാരിക ചരിത്രത്തില്‍ ചിത്രസേന എഴുതപ്പെടും.
ചിത്രസേനയുടെ 82 ാം പിറന്നാള്‍ "ചിത്രസേനയുടെയും നൃത്തവിദ്യാലയത്തിന്റെയും ചരിത്ര'മായി ശ്രീലങ്കയില്‍ ആഘോഷിക്കുകയുണ്ടായി. 50 വര്‍ഷത്തെ ചിത്രസേനയുടെ നൃത്ത ജീവിതത്തെപ്പറ്റി "നൃത്തപൂജ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.