മഹാത്മാഗാന്ധിയുടെ ജീവിതത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം സിനിമകള്‍ക്ക് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഗാന്ധിജിയുടെ സംഭവ ബഹുലമായ ജീവിതത്തെ ചലച്ചിത്ര രൂപത്തിലേക്ക് പറിച്ചു നട്ടിരിക്കുന്നതില്‍ കൂടുതല്‍ വിജയിച്ചിരിക്കുന്നത് വിദേശ ചലച്ചിത്രകാരന്മാര് ആണെന്നു തോന്നുന്നു.
ഓസ്ക്കാര്‍ നോമിനേഷനില്‍ 11 എണ്ണം ലഭിക്കുകയും എട്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത റിച്ചാര്‍ഡ് ആറ്റണ്‍ ബെറോയുടെ ഗാന്ധി തന്നെ ഗാന്ധി സിനിമകളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു. 1982 ല്‍ ചിത്രീകരിച്ച ആ ചിത്രം മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ അനുവാചകനുമായി സംവേദിക്കുന്ന ഒന്നായിരുന്നു.
വളരെയധികം കഷ്ടപ്പാടുകളിലൂടെ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ലഭിച്ച എട്ട് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പ്രയത്നത്തിനുള്ള അംഗീകാരമായിരുന്നു. മഹാത്മാ ഗാന്ധിയെ പൂര്‍ണ്ണമായി തന്നെ ഉള്‍ക്കൊണ്ട് ബെന്‍ കിംഗ്സ്ലി എന്ന നടന് നടത്തിയ അതുല്യ പ്രകടനവും ഇതില്‍ പ്രത്യേകതയാണ്.
എന്നാല്‍ കൂടുതല്‍ കൌതുകം പകര്‍ന്നത് സാങ്കേതിക തികവ് കൊണ്ടായിരുന്നു. ഗാന്ധിജിയുടെ ശവസംസ്ക്കാര രംഗം ചിത്രീകരിക്കുന്നതിനായി 300,000 എക്സ്ട്രാ നടന്മാരെയാണ് അന്ന് ഉപയോഗിച്ചത്.
‘മഹാത്മാ ഗാന്ധി - ട്വന്റിത് സെഞ്ച്വറി പ്രൊഫെറ്റ്’ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന മറ്റൊരു ചലച്ചിത്രമായിരുന്നു ഇത്. 1953 ല്‍ ഇറങ്ങിയ ‘ഇരുപതാം നൂറ്റാണ്ടിലെ പ്രവാചകന്‘ അമേരിക്കന്‍ അക്കാദമി ഫോര്‍ ഏഷ്യന്‍ സ്റ്റഡീസിന്റെ പ്രയത്നഫലമായിരുന്നു.
PRO
PRO
സ്റ്റാന്‍ ലി നീല്‍ എഴുതി അമേരിക്കന്‍ എഴുത്തുകാരനും ജേണലിസ്റ്റുമായ ക്വെന്റ് ഇന്‍ റെയ്നോള്‍ഡ്സ് സംവിധാനം ചെയ്തതുമായ ചിത്രം ഗാന്ധിജിയുടെ 37 വര്‍ഷത്തെ ത്യാഗപൂര്‍ണമായ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ്. അതിനു വേണ്ടി ഇരുവരും ചേര്‍ന്ന് മികച്ച ഒരു ഗവേഷണം തന്നെ നടത്തി.
ഗാന്ധിജിയെ നന്നായി ഉള്‍ക്കൊണ്ട വിദേശീയ ചലച്ചിത്രകാരന്മാരില് ചിലര്‍ മഹാത്മാവിനെ വിമര്‍ശിക്കാനും പരിഹസിക്കാനും വരെ തയ്യാറായിട്ടുണ്ട്. ഗാന്ധിജിയുടെ ഘാതകന് നാഥുറാം വിനായക് ഗോഡ്സേയുടെ ചിന്തകളിലൂടെ കടന്നു പോകുന്ന ‘നയന്‍ അവേഴ്സ് ടൂ രാമ’ എന്ന ചിത്രം ഈ കൂട്ടത്തില്‍ പെടുന്നു.
ഇതേ പേരില്‍ ഇറങ്ങിയ പുസ്തകത്തിനു ഇന്ത്യയില്‍ ലഭിച്ച നിരോധനം തന്നെയായിരുന്നു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ഉണ്ടായതും. എന്നാല്‍ 1962 ല്‍ മാര്‍ക്ക് റോബിന് സണ്‍ സംവിധാനം ചെയ്ത ചിത്രം ഗോഡ്സേയുടെ വേഷം ചെയ്ത ജര്‍മ്മന്‍ നടന് ഹോസ്റ്റ് ബുക്കോള്‍സിന്റെയും ഗാന്ധിജിയായി വേഷമിട്ട ഇന്ത്യന്‍ നടന് ജെ എസ് കശ്യപിന്റെ പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു.
2006 ല്‍ ഇറങ്ങിയ ഗാന്ധി അറ്റ് ദി ബാറ്റ് എന്ന ചിത്രം ഗാന്ധിജിയെ തമാശയായി ചിത്രീകരിച്ച അമേരിക്കന്‍ സിനിമ ആയിരുന്നു. 1983 ല്‍ ചെറ്റ് വില്യംസണ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി പുറത്തുവന്ന ചിത്രം ഗ്രാഫിക്സ് കൊണ്ട് സമ്പന്നമായിരുന്നു. അത് പോലെ തന്നെ ഗാന്ധിയുടെ പേര് ടൈറ്റിലില്‍ മാത്രം ഉപയോഗിച്ച് ഗാന്ധിയെ കുറിച്ച് ഒന്നും തന്നെ പറയാതിരുന്ന ചിത്രമാണ് 1998 ല്‍ പുറത്ത് വന്ന ‘ഫിഷിംഗ് വിത്ത് ഗാന്ധി’.
വ്യത്യസ്തമാര്‍ന്ന ജീവിത വീക്ഷണം കൊണ്ട് ഇതിഹാസ പുരുഷനായി മാറിയ തേജോമയ വ്യക്തി പ്രഭാവം അനേകം സിനികള്‍ക്ക് ഇനിയും വിഷയീഭവിക്കാനുണ്ട്. എന്നിരുന്നാലും വ്യത്യസ്ത തേടുന്ന ഇന്ത്യന്‍ ചലച്ചിത്രരംഗം മഹാത്മാവിന്റെ ജീവിതംകൊണ്ട് പ്രകോപനം സൃഷ്ടിക്കാനുള്ള യാത്രയിലാണെന്ന് തോന്നുന്നു.