സൌഹൃദത്തിന്‍റെ ഓര്‍മ്മയ്ക്ക്...

FILEFILE
കോഴിക്കോട് പ്രസ്‌ ക്ലബില്‍ പഠിക്കുന്ന കാലത്ത് ഒരു അധ്യാപകന്‍ പറഞ്ഞു;“ നാളെ നിങ്ങളുടെ വികാര വിചാരത്തെ നിയന്ത്രിക്കുക ഇന്‍റര്‍നെറ്റായിരിക്കും”. കഞ്ഞി കുടിക്കുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് എന്ത് ഇന്‍റര്‍നെറ്റ്?; മനസ്സിലോര്‍ത്തു.

വര്‍ഷങ്ങള്‍ മാറി മറിഞ്ഞു. ഇന്ന് കഞ്ഞി കുടിച്ചില്ലെങ്കിലും ജോലി കഴിഞ്ഞാല്‍ അടുത്തുള്ള ഇന്‍റര്‍നെറ്റ് കഫേയില്‍ ഹാജരായില്ലെങ്കില്‍ ഒരു തരം വീര്‍പ്പ് മുട്ടലാണ്. തലച്ചോറിന് കത്താനുള്ള ഇന്ധനം സെര്‍ച്ച് ചെയ്ത് കണ്ട് പിടിക്കുന്നതിന് പുറമെ മറ്റൊരു ആവേശമാണ്‘ ഓര്‍ക്കുട്ട്‘.

സൌഹൃദത്തിനും ഒരു വെബ്‌സെറ്റോ?. പക്ഷെ, ഓര്‍ക്കൂട്ടില്‍ അംഗമായി ആഴ്‌ച്ചകള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി. ചിരിക്കാനും ചിന്തിക്കാനും സമയമില്ലാത്ത ഈ കാലത്ത് ആശയവിനിമയത്തിന് ഇങ്ങനെയൊരു വെബ്‌സെറ്റ് ആവശ്യമാണ്.

നായ നടുകലില്‍ പോയാലും നക്കിയേ കുടിക്കൂയെന്ന് പറഞ്ഞ മാതിരി ഓര്‍ക്കൂട്ടിലും സ്വന്തം മുന്‍ വിധികള്‍ അനുസരിച്ചുള്ള സുഹൃത്തുക്കളെ മാത്രമെ തെരഞ്ഞെടുത്തുള്ളൂ.

എന്താണ് മുന്‍‌വിധികള്‍ അല്ലേ?( പാവാടയും ബ്ലൌസുമിട്ട പെണ്‍കുട്ടി നിഷ്കളങ്കയും സത്യസന്ധയും ആയിരിക്കും, ബുദ്ധിജീവികള്‍ അധികം സംസാരിക്കില്ല, സുഖ സൌകര്യങ്ങള്‍ ഉള്ളവര്‍ക്ക് രാഷ്‌ട്രീയത്തെ ഇഷ്‌ടമുണ്ടാകുകയില്ല...). പിന്നീടുണ്ടായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമായി. മുന്‍ വിധികള്‍ എല്ലാം തെറ്റാണ്.

മഴയുള്ള ഒരു ദിവസം വെറുതെ മറ്റുള്ളവരുടെ പ്രൊഫൈലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹിറ്റ്ലറെ ഒരു പാട് ഇഷ്‌ടപ്പെടുന്ന ഒരു പ്രൊഫൈലില്‍ കണ്ണ് ഉടക്കി. സൌഹൃദത്തിനുള്ള അപേക്ഷ അവള്‍ സ്വീകരിച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്യം ചോദിച്ചു.

‘ഹിറ്റ്‌ലറെ ആരാധിക്കാനുള്ള കാരണം?‘. ഉത്തരം ഉടനെക്കിട്ടി. വെറുമൊരു ചിത്രക്കാരനായ അദ്ദേഹത്തിന് ഒരു പാട് ആളുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞു. അതൊരു വലിയ കാര്യമല്ലേ?.

വെയിലത്ത് കൊടി പിടിച്ച നടന്ന് ഒരു പാട് തൊണ്ടക്കീറിയിട്ടുള്ള ഞാന്‍ ഒരു പീറ പെണ്‍കുട്ടിയുടെ മുമ്പില്‍ തോല്‍ക്കുകയോ?. ഉടനെ ഉത്തരം കൊടുത്തു. ചെകുത്താന് ഒരു പാട് അനുയായികളെ ലഭിക്കും.‘ നോക്കൂ ചെകുത്താനും അദ്ദേഹത്തിന്‍റേതായ ഗുണം ഉണ്ടായിരിക്കും.

ഈ ലോകത്ത് ഔഷധ ഗുണമില്ലാത്ത ഒരു സസ്യവും ഇല്ലായെന്നതു പോലെ. ബിന്‍ലാദന്‍, ബുഷ്,സദാം ഹുസൈന്‍, വേലുപ്പിള്ള പ്രഭാകരന്‍ എന്നിവര്‍ക്കെല്ലാം ഒരു പാട് ചീത്ത വശങ്ങള്‍ ഉണ്ട് ഹരി. പക്ഷെ, എന്നാല്‍ അവരില്‍ നന്മയുണ്ടെങ്കില്‍ നമ്മള്‍ അത് സ്വീകരിക്കുക തന്നെ വേണം‘.

‘ഈശ്വരാ 24 വര്‍ഷം വെറുതെയാ‍യല്ലോ. ചപ്പ് ചവറുകള്‍ മുഴുവന്‍ വായിച്ചിട്ടും ഇങ്ങനെയൊരും ബോധം എന്‍റെ തലയില്‍ ഉദിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും?’ ഒരു മാസം അവളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

പിന്നീട് ഒരു മെയില്‍ വന്നു. അവള്‍ ഗള്‍ഫിലായതു കൊണ്ടാണ് സ്ക്രാപ്പ് അയക്കാന്‍ പറ്റാത്തതെന്നായിരുന്നു ഉള്ളടക്കം. ആ മഹനീയ വനിത ഒരു മാസം ബാഗ്ലൂരില്‍ അമ്മയുടെ കൂടെ കഴിഞ്ഞാല്‍ അടുത്ത മാസം ഗള്‍ഫിലായിരിക്കും.

ബാഗ്ലൂരില്‍ താമസിക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും പാര്‍ട്ടികളില്‍ പങ്കെടുക്കും. ഷൂസുകള്‍ ശേഖരിക്കല്‍ മറ്റൊരു ഹോബിയാണ്. സാന്‍ഡ് വിച്ച്, പിസ കട്ട്, ന്യൂഡില്‍സ് എന്നിവയാണ് ഇഷ്‌ടഭക്ഷണവിഭവങ്ങള്‍.

നെരൂദയുടെ കവിതകള്‍, ബ്രെഹ്‌തിന്‍റെ നാടകങ്ങള്‍ , ദെരീദയുടെ സിദ്ധാന്തങ്ങള്‍ എന്നിവയെല്ലാം ഇഷ്‌ടപ്പെടുന്നു. അങ്ങനെ ഒരു വലിയ പാഠം ഞാന്‍ പഠിച്ചു;‘ എ.സി മുറിയിലിരുന്ന് പാല്‍ക്കഞ്ഞി കുടിക്കുന്നവര്‍ക്കിടയിലും ബുദ്ധി ജീവികളുണ്ട്.

സമയം 8.00 മണി വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍. ഓര്‍ക്കൂട്ടിലെ മറ്റൊരു സുഹൃത്തിന്‍റെ കോളായിരുന്നു. ‘നിങ്ങള്‍ പ്രണയിക്കുന്നുണ്ടോ?’. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ‘അല്ല, സൌഹൃദം ഒരു ചിപ്പിയാണെങ്കില്‍ അതിനുള്ള മുത്താണ് പ്രണയമെന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്കെന്ന സിനിമയുടെ പോസ്റ്ററില്‍ എഴുതിയിട്ടുണ്ടായിരുന്നല്ലോ?.

അവളെ പറഞ്ഞിട്ട് കാര്യമില്ല. എല്ലാ സിനിമയിലേയും സൌഹൃദങ്ങള്‍ അവസാനിക്കാറ് വിവാഹത്തിലാണ്. സിനിമ ഒരിക്കലും ജീവിതമാകുന്നില്ല.

സുഹൃത്ത് എന്നും സുഹൃത്ത് തന്നെ. സുഹൃത്തിന് നല്‍കുവാന്‍ കഴിയുന്നത് കാമുകിക്ക് നല്‍കുവാന്‍ കഴിയുമോ?.

വെബ്ദുനിയ വായിക്കുക