വിഷ്ണുവിന്‍റെ സൌഹൃദം കതിര്‍മണ്ടപത്തിലേക്ക്

FILEFILE
ലോകസൌഹൃദ ദിനത്തില്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് ജീവിത സഖിയാകുന്നതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം പി സി വിഷ്ണുനാഥ്.സൌഹൃദങ്ങള്‍ രാഷ്ട്രീയത്തില്‍ നിരര്‍ത്ഥകമാണെന്ന പൊതുധാരണയക്ക് ഒരു വിയോജനകുറിപ്പു കൂടി തന്‍റെ വിവാഹ തീരുമാനത്തിലൂടെ രേഖപെടുത്തുന്നു ഈ യുവ ജനപ്രതിനിധി.

ഭാഷയുടെയും പ്രാദേശികതയുടെയും അതിര്‍വരമ്പുകള്‍ തകര്‍ത്ത് വിഷ്ണുവിന്‍റെ ജീവിത സഖിയാകുന്നത് മംഗലാപുരം സ്വദേശിയായ യുവ കവയത്രി കനകയാണ്.

സൌഹൃദത്തിന്‍റെ ദണ്ഡിയാത്ര

ചിങ്ങമൊന്നായ ആഗസ്റ്റ് 17 ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. ഇന്ത്യന്‍ ദേശിയതയുടെ ഒരു ധന്യമൂഹൂര്‍ത്തതിലാണ് ഇരുവരുടെയും സുഹൃദത്തിന് തുടക്കമാകുന്നത്.ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി നയിച്ച നിയമലംഘന സമരത്തിന്‍റെ തുടക്കമായ ഉപ്പ് സത്യാഗ്രഹത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിനിടയിലായിരുന്നു അത്.

കന്നഡ കവയത്രിയായ കനകയും അന്ന് കെ എസ് യു വിന്‍റെ സംസ്ഥാന പ്രസിഡന്‍റുമായ വിഷ്ണുവും ഈ യാത്രയിലുടനീളം പങ്കെടുത്തിരുന്നു.ആദ്യം കണ്ടപ്പോള്‍ തന്നെ കനകയുടെ വ്യക്തിത്വം തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് വിഷ്ണു പറയുന്നു.

വാര്‍ദ്ധയില്‍ തുടങ്ങിയ യാത്ര ഇരുപത്തിയാറ് ദിവസത്തിന് ശേഷം ദണ്ഡിയിലെത്തിയപ്പോള്‍ ഇത് ഒരു നല്ല സൌഹൃദമായി വളര്‍ന്നുവെങ്കിലും അത് ഒരിക്കലും പ്രണയമായി വളര്‍ന്നില്ലെന്ന് പന്ത്രണ്ടാം കേരള നിയമസഭയിലേ ‘ബേബി’ അവകാശപ്പെടുന്നു.‘കെ എസ് യു വിന്‍റെ പ്രവര്‍ത്തകനായിരുന്നതിനാല്‍ സംഘടന ഭരണഘടന പ്രകാരം വിവാഹിതനാകാന്‍ വിലക്കുണ്ടായിരുന്നു.അതിനാല്‍ തന്നെ അന്ന് വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.

പിന്നീട് എം എല്‍ എ ആയ ശേഷം സ്ഥാനമൊഴിയുകയും വിവാഹത്തെ കുറിച്ച് ബന്ധുകള്‍ ഉള്‍പ്പടെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഈ സൌഹാര്‍ദത്തിന് ജീവിത പങ്കാളിത്തത്തിന്‍റെ മാനം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്തത്’-യുവ നേതാവ് നയം വ്യക്തമാക്കുന്നു.

ദണ്ഡിയാത്രയ്ക്കിടയില്‍ പരിചയപെട്ട പോണ്ടിചേരിക്കാരനായ ശരവണന്‍,പിന്നീട് വാഹനപകടത്തില്‍ മരിച്ചു പോയ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് ഫൌസി തുടങ്ങിയ സുഹ്രത്തുക്കളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമായിരുന്നു അതു വരെ കനകയെന്നാണ് വിഷ്ണുവിന്‍റെ പക്ഷം.എന്നാല്‍ സൌഹൃദങ്ങളുടെ കാര്യത്തില്‍ താനൊരു സമ്പന്നനാണെന്ന് അഭിമാനിക്കുന്ന ഈ യുവാവിന് ഒരു അത്മാര്‍ത്ഥ സുഹൃത്ത് ജീവിത പങ്കാളിയാകുന്നതിലും അഭിമാനം മാത്രമാണുള്ളത്.

ഗൃഹാതുരത്വമായി ക്യാമ്പസ്

സൌഹൃദങ്ങളാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമെന്ന് സൌഹൃദങ്ങളുടെ പറുദീസയായെ ക്യാമ്പസ്സില്‍ നിന്ന് നേരിട്ട നിയമസഭയിലേക്ക് നടന്നു കയറിയ ഈ ജനപ്രതിനിധി മടിയില്ലാതെ പറയുന്നു.ലോകോളെജില്‍ പഠിക്കുമ്പോള്‍ തന്‍റെ സുഹൃദ് വലയത്തിലുണ്ടായിരുന്നവരുമായുള്ള ബന്ധം രാഷ്ട്രീയത്തിന്‍റെ തിരക്കുകള്‍ക്കിടയിലും മുറിയാതെ സൂക്ഷിക്കുന്നുണ്ട് വിഷ്ണു.പഠനകാലത്ത് ലോ കോളെജിനടുത്തുള്ള വാടകവീട്ടില്‍ ഒന്നിച്ച് താമസിച്ചിരുന്ന കൈലാസ്,സിയാദ്,അരുണ്‍,സജീവ്,ഫിയാസ്,കിഷോര്‍,സജി എന്നിവരുമായി മാസത്തില്‍ ഒരു ദിവസം ഒത്തുകൂടാറുണ്ട് വിഷ്ണു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപെട്ടതും ഇത്തരമോരു കൂട്ടായ്മയുടെ മധ്യത്തിലായിരുന്നുവെന്ന് വിഷ്ണു ഓര്‍മിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകളുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് കൈലാസിന്‍റെ സഹോദരിയുടെ വിവാഹത്തിന് സുഹൃത്തുക്കളെ ക്ഷണിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമപ്പോള്‍.

ശാസ്താംകോട്ടയിലെ തന്‍റെ വീട്ടില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലം,എറണാകുളം,കോട്ടയം എന്നീ ജീല്ലകളിലെ സുഹൃത്തുക്കളെ ക്ഷണിച്ച് ചെങ്ങനൂരിലുള്ള സജീവിന്‍റെ വീടിനടുത്ത് എത്തിയപ്പോഴാണ് ചെങ്ങനൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ച് വിവരം വിഷ്ണു അറിയുന്നത്.ടി വി യില്‍ വാര്‍ത്ത കണ്ട സജീവ് തന്നെയാണ് ഈ വിവരം മൊബൈല്‍ ഫോണില്‍ തന്നെ വിവരം അറിയിച്ചതെന്നും ഈ കൂട്ടായ്മയിലെ യാദൃശ്ചികതയായി വിഷ്ണു കരുതുന്നു.ഇത്തരം നിറമുള്ള ഓര്‍മ്മകള്‍ക്ക് പുറമേ സജീവിന്‍റെ സഹോദരിയുടെ മരണം പോലെ കണ്ണുനിറയ്ക്കുന്ന ഓര്‍മ്മകളും ഈ സൌഹാര്‍ദത്തിലുണ്ട്.

ഗ്രാമം കൊതിക്കാറുണ്ടെന്നും..

വിഷ്ണുവിന്‍റെ സൌഹൃദങ്ങളില്‍ രാഷ്ട്രീയത്തിന്‍റെ നിറവ്യത്യാസങ്ങളില്ല.‘അറബിക്കഥയ്ക്ക്’വേണ്ടി തീവ്രവിപ്ലവ ഗാനമെഴുതിയ യുവകവി അനില്‍ പനച്ചൂരാന്‍ ഈ കോണ്‍ഗ്രസുകാരന്‍റെ അടുത്ത സുഹൃത്താണ്.സൌഹൃദങ്ങളുടെ ഗ്രാമ്യ നിഷ്കളങ്കത ഇന്നും ജീവവായുവായി സൂക്ഷിക്കുന്ന ക്യാമ്പസിനെ കുറിച്ചുള്ള ഗൃഹാതുരത്തമാണ് വിഷ്ണുവിന് അനില്‍ പനച്ചൂരാന്‍റെ ‘അറബിക്കഥ’യിലെ പാട്ട്.

“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി എന്‍ ഗ്രാമം കൊതിക്കാറുണ്ടെന്നും...”

വെബ്ദുനിയ വായിക്കുക