കാറ്റോളം നമ്മുടെ സൗഹൃദം

SASISASI
ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു.

എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അവളന്ന് എന്‍റെ പ്രിയകൂട്ടുകാരിയായി കടന്നുവന്നത്. ഇടവേളകളില്ലാത്ത വാക്കുകളിലൂടെ അവളെന്നെ അന്പരപ്പിക്കുകയും വിരസതകള്‍ക്കിടയില്‍ ഹൃദയപൂര്‍വം കൈചേര്‍ക്കുകയും ചെയ്തു.

എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മുഖവുരയില്‍ ഞാനും അതുപോലെതന്നെ അവളും പറഞ്ഞപ്പോള്‍ ജന്മാന്തരങ്ങളിലെവിടേയ്ക്കോ ഞങ്ങളുടെ കണ്ണുകള്‍ നീണ്ടു പോയി. കാണുന്പോള്‍ ഒന്നുചിരിച്ചും, പിന്നീട് രണ്ട് വാക്ക് മിണ്ടിയും ശേഷം നീണ്ടുനില്‍ക്കുന്ന സംസാരങ്ങളിലൂടെ, തര്‍ക്കങ്ങളിലൂടെ, പിണക്കങ്ങളിലൂടെ അവള്‍ പ്രിയപ്പെട്ട കൂട്ടുകാരിയായി മാറുകയായിരുന്നു. മൂകമാകുന്ന ഓരോ സായാഹ്നത്തിലും അവള്‍ എന്‍റെയും ഞാന്‍ അവളുടെയും സൗഹൃദം ആഗ്രഹിക്കുന്നത് ഞങ്ങള്‍ അറിഞ്ഞു.

മ്യൂസിയത്തിലെ പച്ചപ്പിലിരുന്ന് അവള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടു. നിനക്ക്
ജീവിതത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് അവള്‍ പരിഹസിക്കും. പിന്നെ മെല്ലെ മെല്ലെ വീടിന്‍റെ ഗൃഹാതുരത്വത്തിലേക്ക് അവള്‍ വാക്കുകള്‍ വീഴ്ത്തുന്പോള്‍ അസാധാരണമായ ഒരു മാനം ഞങ്ങളുടെ വക്കുകള്‍ക്കിടയില്‍ നിറയും. അപ്പോഴൊക്കെ അവളുടെ കൈപ്പടങ്ങളില്‍ മൃദുവായൊന്നു തട്ടി ആശ്വാസം പകര്‍ന്ന് കൊടുക്കുവാന്‍ കഴിയുന്നതില്‍ എന്‍റെ മനസ്സ് സംതൃപ്തമായിരുന്നു.


SASISASI
രോഹിതുമായുള്ള പ്രണയത്തില്‍ അവള്‍ തികഞ്ഞ വാചാലയായിരുന്നു. ഇടയ്ക്കൈപ്പൊഴോ രോഹിത് അകന്നുമാറുവാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ കൂട്ടുകാരി ആദ്യമായി എന്‍റെ മുന്നില്‍ കരഞ്ഞു. മൗനം ഏറെ വാരിപ്പുണര്‍ന്നു പോയ എന്‍റെ മനസ്സ് സംഭ്രമത്തില്‍ വാക്കുകള്‍ മറന്നു. 'നീയെന്‍റെ കൈകളില്‍ ഒന്നുചേര്‍ത്ത് പിടിച്ചിരുന്നെങ്കില്‍, ഒന്ന് ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കില്‍' അവളുടെ വാക്കുകള്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട്.

എന്‍റെ കൂട്ടുകാരീ, നിനക്കെന്നോട് പിണങ്ങാനാവില്ലല്ലോ. രാഹുലിന്‍റെ ഓര്‍മ്മകളില്‍ നിന്ന് ജീവിതത്തിന്‍റെ പ്രായോഗികതകളിലേക്ക് അവളെ ഉണര്‍ത്താന്‍ ശ്രമിക്കുന്പോള്‍ 'ജീവിതത്തെക്കുറിച്ച് നിനക്ക് എന്തറിയാം' എന്ന് നുള്ളിനോവിക്കാന്‍ മറന്നിരുന്നില്ല.

പഠനത്തിന്‍റെ ഭാരമൊഴിച്ച് താലിയുടെ ബന്ധനത്തില്‍ നില്‍ക്കുന്പോള്‍ പഴയബന്ധങ്ങള്‍ മറച്ച് ജീവിക്കാന്‍ കഴിയുമോ എന്നൊരു സംശയം പാതിചിരിച്ച അവളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. ബാല്യകാലത്തെന്നോ പുസ്തകത്താളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മയില്‍പീലിയാണ് അന്ന് ഞാനവള്‍ക്ക് പ്രിയ സമ്മാനമായി കൊടുത്തത്. "ഇത് പെറ്റു പെരുകും' എന്ന് ഓര്‍മ്മപ്പെടുത്താനും മറന്നില്ല. ഭര്‍ത്താവിനോടൊത്ത് അവല്‍ ബാംഗ്ളൂരിലേക്ക് വണ്ടികയറുന്പോള്‍ അകന്നുപോകുന്ന സൗഹൃദത്തില്‍ മനസ് വിതുന്പിനിന്നു. യാത്രയയ്ക്കാന്‍ പോയില്ല. അവള്‍ പരിഭവിച്ചിരിക്കാം.

ഇടയ്ക്കെപ്പോഴൊക്കയോ അവളുടെ കത്തുകള്‍ വന്നു. ജോലിത്തിരക്കിനിടയില്‍ പലപ്പോഴും മറുപടികള്‍ മറന്നു. കന്പ്യൂട്ടര്‍ സ് ക്രീനില്‍ അവളുടെ ഇ-മെയില്‍ സന്ദേശം പഴയ ചര്‍ച്ചകളും കുസൃതികളും ഓര്‍മ്മപ്പെടുത്തി. ശംഖുമുഖത്തെ തിരമാലകള്‍ പറഞ്ഞ കടങ്കഥകള്‍ ഞാന്‍ അവളെ അറിയിച്ചു. മറ്റേതോ ദേശത്തേയ്ക്ക് യാത്രയായതറിയിച്ച അവളുടെ അവസാന മെയില്‍ എന്‍റെ കന്പ്യൂട്ടര്‍ കീബോര്‍ഡില്‍ ചലനമറ്റു.

മുത്തശ്ശിയുടെ മരണവും വീടിന്‍റെ വിലാപങ്ങള്‍ക്കുമിടയില്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ട് മനസ്സ് പിടയുന്പോള്‍ കൂട്ടുകാരിയുടെ കൈവിരല്‍ത്തുന്പുകളില്‍ നിന്ന് പ്രവഹിക്കുന്ന സ്നേഹതരംഗങ്ങള്‍ ഏറ്റു വാങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി.

തിരമാലകളെ കണ്ണുകള്‍ എണ്ണിയെടുക്കുന്പോള്‍ അവളുടെ ദുപ്പട്ട കാറ്റത്ത് കണ്ണടകളില്‍ പറന്നുവീണത് ഓര്‍ക്കുന്നു. മറഞ്ഞുപോയ കണ്ണുകള്‍ക്കിടയില്‍ നിന്ന് അവള്‍ പറഞ്ഞു "എന്‍റെ കൂട്ടുകാരാ നമ്മുടെ കൂട്ടിന് ഈ കാറ്റോളം ആയുസ്സുണ്ടായിരുന്നെങ്കില്‍. സൂര്യന്‍ അസ്തമയത്തിന്‍റെ ആരംഭത്തിലായിരുന്നു അപ്പോള്‍.


SasiSASI
അവളുടെ കൈവിരലുകളില്‍ വിവാഹനിശ്ചയത്തിന്‍റെ മോതിരമുണ്ടായിരുന്നു. "ഈ കാറ്റിനെ വിശ്വസിക്കാമെങ്കില്‍ അത്രത്തോളവും ആയുസ്സുണ്ടാവും നമ്മുടെ സൗഹൃദത്തിന്' എന്ന് മറുപടിപറയുന്പോള്‍ മനസ്സില്‍ നിറങ്ങളേറെയുണ്ടായിരുന്നു. പോകുവാന്‍ എഴുന്നേല്‍ക്കവേ അവള്‍ കൈകള്‍ നീട്ടി. സൗഹൃദത്തിന്‍റെ സ്വര്‍ഗമായി അന്നാണ് ഞങ്ങളുടെ കൈകള്‍ അവസാനമായി ചേര്‍ന്നത്.

അകലെ ട്രെയിനിന്‍റെ ചൂളം വിളിയൊച്ച. ഞാന്‍ ആരെയാണ് കാത്തുനില്‍ക്കുന്നത്. ഓരോ ഞായറാഴ്ച്ചകളിലും ഈ റയില്‍വേ പ്ളാറ്റ് ഫോമില്‍ വെറുതെ ആരെയൊക്കെയോ പ്രതീക്ഷിച്ചെത്തുന്നു. ഈ തിരക്ക് എന്തൊക്കെയോ ആര്‍ദ്രമായ ഭാവങ്ങള്‍ നിറയ്ക്കുന്നു. ബന്ധുക്കളെ കാത്തുനില്‍ക്കുന്നവര്‍, അവരുടെ കെട്ടിപ്പുണരലുകള്‍, ചിരികള്‍, ബാഗ് ഞാനെടുക്കാമെന്ന്, വന്നു ചേര്‍ന്ന മകളെ ചേര്‍ത്തുപിടിക്കുന്ന അച്ഛന്‍റെ സ്നേഹം, നീ ആകെ ക്ഷീണിച്ചുപോയല്ലോ' എന്ന് അമ്മയുടെ വാത്സല്യം.

ഭര്‍ത്താവിന്‍റെ ചുമലിലേക്ക് ചാഞ്ഞ് കണ്ണുകളടയ്ക്കുന്ന ഭാര്യയുടെ കാത്തിരിപ്പിന്‍റെ പരിഭവം. തിരിച്ചറിവുകളുടെ കാഴ്ചപ്പാടുകള്‍. ഓരോ കാഴ്ചയും ഓരോ വ്യത്യസ്തതയാണ്. ഇവിടെ ഈ കൈകളില്‍ മൃദുലമായി കൈകള്‍ ചേര്‍ക്കാന്‍ പരിഭവിക്കാന്‍ എനിക്കാരുണ്ട് ഉണ്ണീ .... മനസ്സ് ഒന്നുവിറച്ചുപോയി.

ആരാണ് കോണിപ്പടികള്‍ക്കിടയില്‍ നിന്ന്. മരവിപ്പ് മാറാന്‍ സമയമെടുത്തു. തിളങ്ങുന്ന കണ്ണടകളും ചിരിതൂകുന്ന മുഖവുമായി അവള്‍, എന്‍റെ കൂട്ടുകാരി. അവളുടെ കൈകളില്‍ തൂങ്ങിനില്‍ക്കുന്ന കുട്ടിയുടെ മുഖത്തേക്ക് ഞാന്‍ നോക്കവേ അവളവനെ വാരിയെടുത്ത് പറഞ്ഞു, മോനൂ ഇതാരെന്നറിയാമോ ?. അമ്മയുടെ കൂട്ടുകാരന്‍. കണ്ണടകളില്‍ നനവ്. പുക നിറഞ്ഞൊരു കാറ്റ് ഞങ്ങള്‍ക്കിടയിലൂടെ കടന്നുപോയി.

കോഫി ഹൗസില്‍ ഇരിക്കുന്പോള്‍, ഏറെയും സംസാരിച്ചത് അവളാണ്. പരിഭവം പറച്ചിലുകള്‍, തമാശകള്‍, ഭര്‍ത്താവിനെക്കുറിച്ച്, പെറ്റു പെരുകിയ എന്‍റെ മയില്‍ പീലിയെക്കുറിച്ച് പറഞ്ഞ് അവള്‍ ചിരിച്ചു. എന്‍റെ മൗനം പതുക്കെ മുറിഞ്ഞ് പോകുന്നത് ഞാനറിഞ്ഞു.

വീണ്ടും കാണാം എന്ന പതിവ് വാചകത്തില്‍ പിരിയവേ അവള്‍ എന്‍റെ നേരെ കൈകള്‍ നീട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൈകളിലെ സൗഹൃദം വീണ്ടും. നിന്‍റെ മയില്‍ പീലിയ്ക്ക് പകരമായി നിനക്കായ് ,എന്‍റെ കൂട്ടുകാരന് ,ഞാന്‍ സൂക്ഷിച്ചത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു പൊതി.അവള്‍ മെല്ലെ പറഞ്ഞു. അവള്‍ അകന്ന് പോകവേ ഞാന്‍ അത് തുറന്നു , കുറേ മഞ്ചാടികള്‍. കാറ്റോളം നമ്മുടെ സൗഹൃദം. കൂട്ടുകാരീ ഞാന്‍ അറിയാതെ വാക്കുകളായി. കാറ്റ് അവളെത്തേടി പാഞ്ഞു.