പെലെയ്ക്കും റൊണാൾഡോയ്ക്കും ശേഷം നാഴികകല്ല് പിന്നിട്ട് നെയ്മർ

ചൊവ്വ, 6 ഡിസം‌ബര്‍ 2022 (13:57 IST)
ഇതിഹാസതാരങ്ങളായ പെലെയ്ക്കും റൊണാൾഡോയ്ക്കും ശേഷം 3 ലോകകപ്പുകളിൽ ഗോൾ നേടുന്ന ബ്രസീൽ താരമായി സൂപ്പർ താരം നെയ്മർ. ദക്ഷിണകൊറിയക്കെതിരെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ആധികാരികമായ വിജയമായിരുന്നു ബ്രസീൽ സ്വന്തമാക്കിയത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയർ, നെയ്മർ,റിച്ചാർലിസൺ,ലൂകാസ് പക്വേറ്റ എന്നിവരാണ് ഗോൾ കണ്ടെത്തിയത്. ദക്ഷിണക്കൊറിയയ്ക്കായി പൈക്ക് സ്യൂംഗ് ഹോയാണ് ആശ്വാസഗോൾ സ്വന്തമാക്കിയത്.
 
മത്സരത്തിൻ്റെ ഏഴാം മിനുട്ടിൽ തന്നെ വിനീഷ്യസ് ജൂനിയർ ലീഡ് സ്വന്തമാക്കി. തുടർന്ന് ബ്രസീലിയൻ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കാണാനായത്. സൂപ്പർ താരം നെയ്മറായിരുന്നു ബ്രസീലിൻ്റെ രണ്ടാം ഗോൾ കണ്ടെത്തിയത്. ഇതോടെ 2014.2018.2022 ലോകകപ്പുകളിലായി ഗോൾ സ്വന്തമാക്കുന്ന താരമെന്ന നേട്ടം നെയ്മർക്ക് സ്വന്തമായി.
 
പെലെ 1958,1962,1966,1970 ലോകകപ്പുകളിലും റൊണാൾഡോ 1998,2002,2006 ലോകകപ്പുകളിലുമാണ് ബ്രസീലിനായി ഗോൾ കണ്ടെത്തിയത്. 1998 ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീൽ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ 4 ഗോൾ നേടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍