Fifa The Best: ബാലൺ ഡി യോർ കൈവിട്ടു, പക്ഷേ ഫിഫയുടെ മികച്ച പുരുഷതാരമായി വിനീഷ്യസ് ജൂനിയർ, വനിതകളിൽ എയ്റ്റാന ബോൺമാറ്റി

അഭിറാം മനോഹർ

ബുധന്‍, 18 ഡിസം‌ബര്‍ 2024 (10:48 IST)
Vinicius Jr, Aitana Bonmati
മികച്ച പുരുഷതാരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്. ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് 24കാരനായ ബ്രസീല്‍ സ്‌ട്രൈക്കറുടെ നേട്ടം. ദോഹയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
 
തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്പാനിഷ് മുന്നേറ്റ താരമായ എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ താരമായ് തിരെഞ്ഞെടുക്കപ്പെടുന്നത്. ബാലണ്‍ ഡി യോര്‍ പുരസ്‌കാരവും താരത്തിനായിരുന്നു. സ്‌പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തിന് നേട്ടമായത്. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനാണ്. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനായി സ്പാനിഷ് സൂപ്പര്‍ കപ്പ്, ലാലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ വിനീഷ്യസിനായിരുന്നു. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആറാമത്തെ ബ്രസീല്‍ താരമാണ് വിനീഷ്യസ്. 
 
റോമരിയോ,റൊണാള്‍ഡോ,റിവാള്‍ഡോ,റൊണാല്‍ഡീഞ്ഞ്യോ, കക്ക എന്നിവരാണ് ഇതിന് മുന്‍പ് ഈ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. 2007ല്‍ കക്കയ്ക്ക് ശേഷം പുരസ്‌കാരം നേടുന്ന ആദ്യ ബ്രസീല്‍ താരം കൂടിയാണ് വിനീഷ്യസ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍