ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്‌ജി ഈ സീസണിൽ തന്നെ യുവ താരം കെയ്‌ലിയന്‍ എംബാപെയെ വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. എംബാപെയ്ക്ക് പകരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ചൊരു കളിക്കാരനെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പിഎസ്‌ജിയിൽ എംബാപെയുടെ അവസാന വർഷമാണിത്. ഇതുവരെയും പുതിയ കരാർ ഒപ്പിടാൻ എംബാപ്പെ സമ്മതം മൂളിയിട്ടില്ല. ഇതാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്കിടയാക്കിയിരിക്കുന്നത്. എംബാപ്പെയ്ക്ക് പകരം ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തില്‍ നിന്ന് ബ്രസീലിയന്‍ താരം റിച്ചാര്‍ലിസനെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പിഎസ്‌ജിയിൽ നിന്ന് താരം റയൽ മാഡ്രിഡിലേയ്ക്കായിരിക്കും ചേക്കേറുക എന്നാണ് സൂചന. നേരത്തെ റയൽ മാഡ്രിഡ് താരത്തെ വിട്ടുകിട്ടുന്നതിനായി ശ്രമം നടത്തിയിരുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയില്‍ എത്തിയതോടെ ടീമില്‍ തന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്നതിനാലാണ് എംബാപ്പെ ക്ലബുമായി കരാർ പുതുക്കാത്തത് എന്നതാണ് ഫുട്ബോൾ ലോകത്ത് നിന്ന് ലഭിക്കുന്ന വിവരം.