എഎസ് റോമയെ ഗോളില്‍ മുക്കി ബാഴ്‌സലോണ; ജയം ഒന്നിനെതിരെ ആറു ഗോളിന്
ബുധന്‍, 25 നവംബര്‍ 2015 (10:20 IST)
എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ തരിപ്പണമാക്കിയതിന്റെ കരുത്തുമായി ഇറങ്ങിയ ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമയെ ഗോളില്‍ മുക്കി. ഒന്നിനെതിരെ ആറു ഗോളിനാണ് മെസിയും സംഘവും ജയം സ്വന്തമാക്കിയത്.
പരിക്കുമാറി കളത്തിലിറങ്ങിയ ലയണല്‍ മെസിയും സംഘവും ആദ്യ മിനിറ്റു മുതല്‍ എഎസ് റോമയുടെ പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടു. മെസിയും സുവാരസും നെയ്‌മറും ശക്തമായ നീക്കങ്ങള്‍ നടത്തി മുന്നേറിയതോടെ എഎസ്റോമയുടെ പ്രതിരോധനിര ആടുകയായിരുന്നു. പതിനഞ്ചാം മിനിറ്റില്‍ സുവാരസും പതിനെട്ടാം മിനുറ്റില്‍ മെസിയും ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സലോണ എല്‍ക്ലാസിക്കോ പോരിന്റെ കരുത്ത് ആവര്‍ത്തിക്കുമെന്നു ഉറപ്പായി.
44മത് മിനിറ്റില്‍ സുവാരസ് വീണ്ടു ഗോള്‍ നേടിയതോടെ എഎസ് റോമ തകരുകയായിരുന്നു. രണ്ടാം പകുതിയില്‍ ആദ്യം മെസി വീണ്ടും ഗോള്‍ നേടിയതോടെ ബാഴ്‌സലോണ ജയം ഉറപ്പിച്ചു. എന്നാല്‍ 77 മിനിറ്റില്‍ അഡ്രിയാനോയും 56മത് മിനിറ്റില്‍ പിക്വെയും സ്‌കോര്‍ ഉയര്‍ത്തിയതോടെ ആറ് ഗോള്‍ ജയവുമായി മെസിയും സംഘവും കളം വിടുകയായിരുന്നു. 90-മത് മിനിറ്റില്‍ സെക്കോയാണ് റോമയുടെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബാഴ്സലോണ നോക്കൌട്ട് റൌണ്ടില്‍ പ്രവേശിച്ചു.