പ്രതിഫലത്തര്‍ക്കം തീരുമാനമായി; 2021വരെ നെയ്മര്‍ ബാഴ്‌സയില്‍ തുടരും
സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട്. ബാഴ്‌സയില്‍ താരത്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ നെയ്മര്‍ തൃപ്തനല്ലെന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. കൂടാതെ സ്പാനിഷ് ആദായനികുതി വകുപ്പ് ചുമത്തിയ നികുതിക്കേസ് നീണ്ടു പോയാല്‍ നെയ്മര്‍ ബാഴ്‌സ വിടുമെന്ന് അദ്ദേഹത്തിന്റെ പിതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊക്കെ അറുതി വരുത്തിക്കൊണ്ട് 2018 വരെ ഉണ്ടായിരുന്ന കരാര്‍ 2021 വരെയായി നെയ്മര്‍ ദീര്‍ഘിപ്പിച്ചു.
ഇപ്പോള്‍ ബാഴ്‌സയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ് നെയ്മറെന്ന് ബാഴ്‌സ അധികൃതര്‍ പറഞ്ഞു. ലയണല്‍ മെസ്സിയാണ് ഒന്നാമത്. 2013ല്‍ ക്ലബ്ബിന്റെ ഭാഗമായ നെയ്മര്‍ ബാഴ്‌സ കുപ്പായത്തില്‍ 81 മത്സരങ്ങളില്‍ നിന്നും 49 ഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ മെസ്സി നെയ്മര്‍ സുവാരസ് സഖ്യം ലോകത്തിലെതന്നെ ഏറ്റവും മികച്ച പ്രകടനമാണ് ബാഴ്‌സയ്ക്ക് വേണ്ടി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. സ്പാനിഷ് ലീഗില്‍ ഇപ്പോള്‍ ഒന്നാമതാണ് ബാഴ്‌സ.