2014ലെ ലോകകപ്പ് ഫൈനലില്‍ അധികസമയത്തെ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മനിയോട് പരാജയപ്പെട്ടു, കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍, ഇത്തവണ ശതാബ്‌ദി കോപ്പയില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനം, പെനാല്‍റ്റി ഷൂട്ടൌട്ടില്‍ അര്‍ജന്റീന വീണ്ടും പരാജയം നുണഞ്ഞു. അങ്ങനെ, ആഗ്രഹിച്ചിട്ടും വിജയിക്കാന്‍ കഴിയാതെ പോയ മൂന്നു ഫൈനലുകള്‍.
കരിയറില്‍ റെക്കോര്‍ഡുകള്‍ നിരവധി ഉണ്ടെങ്കിലും രാജ്യാന്തര മത്സരത്തിലെ ഒരു കിരീടം മാത്രം അര്‍ജന്റീനയിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്നത് മെസിക്ക് എതിരെയുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ശതാബ്‌ദി കോപ്പയില്‍ മെസിയും കൂട്ടരും പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ പ്രതീക്ഷകള്‍ താളം തെറ്റിയപ്പോള്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു തന്നെ വിരമിക്കാനുള്ള ഞെട്ടിക്കുന്ന തീരുമാനമാണ് മെസി കൈക്കൊണ്ടത്.
വിജയം കൊതിച്ചിട്ടും പരാജയപ്പെട്ട ലോകകപ്പ് ഫൈനല്‍: ജര്‍മ്മനി vs അര്‍ജന്റീന
ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ 2014ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മ്മനിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍ ആരാധകരും അമ്പരന്നു. നിശ്ചിതസമയത്തും ഗോള്‍ ഒന്നും പിറക്കാതിരുന്ന മത്സരം പിന്നീട് അധികസമയത്തേക്ക് കടക്കുകയായിരുന്നു. അങ്ങനെ കളിയുടെ 113 ആം മിനിറ്റില്‍ മാരിയോ ഗോട്സെ ജര്‍മ്മനിയുടെ വിജയശില്പിയായി. ലാറ്റിനമേരിക്കന്‍ മണ്ണില്‍ ഒരു യൂറോപ്യന്‍ ടീം ലോകകപ്പ് നേടിയതും ആദ്യമായിരുന്നു.
ആദ്യപകുതിയില്‍ ഹിഗ്വയിനും പിന്നീട് മെസ്സിയും മികച്ച അവസരങ്ങള്‍ പാഴാക്കിയത് അര്‍ജന്റീനയ്ക്ക് തീര്‍ത്താല്‍ തീരാത്ത വേദനയായി. രണ്ടാം പകുതിയില്‍ ജര്‍മ്മനി കളിയില്‍ ആധിപത്യം നേടുകയും ചെയ്തു.
2015ലെ കോപ്പ അമേരിക്ക ഫൈനല്‍ : ചിലി vs അര്‍ജന്റീന
2015ലെ ജൂലൈ നാലിന് സാന്റിയാഗോയില്‍ വെച്ചു നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ വിജയം പോയത് ചിലിക്കൊപ്പം. കോപ്പയില്‍ ആദ്യമായി ചിലി മുത്തമിട്ട വിജയം കൂടിയായിരുന്നു ഇത്. അര്‍ജന്റീനയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-1 ന് മറികടന്നാണ് ചിലിയുടെ കന്നി കോപ്പാ കിരീട നേട്ടം. അഞ്ചാം ഫൈനലില്‍ ആയിരുന്നു ചിലിയുടെ ചരിത്ര കിരീടനേട്ടം. മുമ്പ് നാല് തവണയും ഫൈനലില്‍ പരാജയപ്പെട്ടു. കാല്‍പ്പന്തുകളിയുടെ ചരിത്രത്തില്‍ ചിലിയുടെ ആദ്യ കിരീടമാണിത്.
22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു കിരീടം നേടാമെന്ന മെസ്സിയുടെയും സംഘത്തിന്റെയും സ്വപ്‌നങ്ങള്‍ ആയിരുന്നു ക്യാപ്റ്റന്‍ ക്ലോഡിയോ ബ്രാവോയും അലക്‌സി സാഞ്ചസും അര്‍ട്ടുറോ വിദാലും വാല്‍ഡിവിയയും ഉള്‍പ്പെട്ട ചിലി തകര്‍ത്തത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി മാത്രമായിരുന്നു ലക്ഷ്യം കണ്ടത്. ചിലിക്കായി മാത്ത്യാസ് ഫെര്‍ണാണ്ടസ്, അര്‍ട്ടൂറോ വിദാല്‍, ചാള്‍സ് അരാന്‍ഗ്വിസ്, അലക്‌സി സാഞ്ചസ് തുടങ്ങിയവര്‍ ലക്ഷ്യം നേടി.
കോപ്പ അമേരിക്ക ശതാബ്‌ദി ഫുട്ബോള്‍ ഫൈനല്‍: അര്‍ജന്റീന vs ചിലി
കോപ്പ അമേരിക്കയുടെ ശതാബ്‌ദി ഫുട്‌ബോള്‍ ഫൈനലില്‍ വിജയം ഒരുപാട് പ്രതീക്ഷിച്ചാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. വിജയിക്കുക എന്നത് ഒരു ആഗ്രഹത്തിനപ്പുറം ആവശ്യവും അത്യാവശ്യവും സ്വപ്നവും ആയിരുന്നു മെസി നായകനായ നീലപ്പടയ്ക്ക്. എന്നാല്‍, കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനമായി ഇത്തവണയും ഫൈനല്‍. നിശ്ചിത സമയത്തും അധികസമയത്തും ഗോളൊന്നും പിറക്കാതിരുന്ന മത്സരം പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് കടന്നു. പ്രതീക്ഷയോടെ നീലപ്പടയുടെ ആരാധകര്‍ പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.
മിശിഹാ തന്നെ ആദ്യകിക്ക് പാഴാക്കിയപ്പോള്‍ തകര്‍ന്നു പോയത് അര്‍ജന്റീനയിലെ മാത്രമല്ല കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ കൂടിയായിരുന്നു. ഷൂട്ടൌട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അർജന്‍റീനയെ തകർത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാൾസ് അരാൻഗ്യുസ്, ജീൻ ബിയാസോർ, ഫ്രാൻസിസ്കോ സിൽവ എന്നിവർ ഗോളുകൾ നേടി. ജാവിയർ മസ്ച്യുരാനോ, സെർജിയോ അഗ്യൂറോ എന്നിവര്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
ഇതോടെ, ബ്രസീലിന് ശേഷം രണ്ടാംതവണയും കോപ്പ അമേരിക്ക കിരീടം നേടിയ ടീമെന്ന റെക്കോർഡ് ചിലി സ്വന്തമാക്കി. 23 വർഷത്തിന് ശേഷവും കോപ്പ അമേരിക്കയിൽ മുത്തമിടാൻ അർജന്‍റീനക്ക് കഴിഞ്ഞതുമില്ല.