ബാഴ്‌സയോട് വിട: വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് മെസ്സി

ഞായര്‍, 8 ഓഗസ്റ്റ് 2021 (17:07 IST)
ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികളുടെ നെഞ്ച് തകർത്ത് കൊണ്ട് ക്ലബ് ഫുട്ബോളിൽ മായാജാലങ്ങൾ തീർത്ത ബാഴ്‌സലോണയുടെ പത്താം നമ്പർ ജേഴ്‌സിയിൽ ഇനിയൊരിക്കലും നമുക്ക് മെസ്സിയെ കാണാനാവില്ല എന്നത് ഉറപ്പായിരിക്കുന്നു.
 
ബാഴ്‌സയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മെസ്സി താന്‍ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. മൈക്കിനു മുന്നില്‍ നിന്ന് കണ്ണീരടക്കാന്‍ പാടുപെടുന്ന മെസ്സിയെയായിരുന്നു ആരാധകർക്ക് അവിടെ കാണാനായത്. ഈ നഗരത്തിൽ ജീവിച്ചപ്പോൾ ചെയ്‌ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. വിദേശത്ത് എവിടെ കരിയർ അവസാനിച്ചാലും ഞാൻ ഇവിടെ മടങ്ങിയെത്തും മെസ്സി പറഞ്ഞു.
 
അതേസമയം ബാഴ്‌സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അത് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് മെസ്സി മറുപടി നൽകി. ആരുമായും യാതൊരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
 
കഴിഞ്ഞ വർഷം ഓഗസ്റ്റ് അവസാന വാരത്തിലാണ് താന്‍ ബാഴ്‌സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാർ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഇത് ചൂണ്ടികാണിച്ചാണ് കഴിഞ്ഞ സീസണിൽ മെസ്സി ബാഴ്‌സലോണയിൽ തുടർന്നത്.
 
എന്നാൽ ഈ സീസണ് ശേഷം മെസ്സിയുടെ ഉയര്‍ന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് വരെ മെസ്സി ടീമിൽ തുടരാൻ സന്നദ്ധനായിരുന്നുവെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം.ഇതോടെയാണ് ബാഴ്സലോണയിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി നീണ്ടുനിന്ന അവിസ്മരണീയമായ കരിയറിന് മെസ്സി അന്ത്യം കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍