ഒത്തുകളി ആരോപണവും, വിമര്‍ശനവും; മെസിക്ക് മൂന്ന് മാസം വിലക്കും വമ്പന്‍ പിഴയും - പ്രതികരിക്കാതെ താരം

ശനി, 3 ഓഗസ്റ്റ് 2019 (13:39 IST)
ആരാധകരെ ഞെട്ടിച്ച് ലയണൽ മെസിക്ക് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിലക്കും പിഴയും. മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയുമാണ് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ നല്‍കിയത്.

നടപടിക്കെതിരെ ഏഴ് ദിവസത്തിനകം മെസിക്ക് അപ്പീല്‍ നല്‍കാം. വിലക്കിനെക്കുറിച്ച് മെസിയോ അർജന്റീന അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്‍റെ പേരിലാണ് നടപടി.

ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിനുശേഷം ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും രൂക്ഷമായ ഭാഷയില്‍ മെസി വിമര്‍ശിച്ചിരുന്നു.

ടൂർണമെന്റിൽ വലിയ അഴിമതിയാണു നടക്കുന്നതെന്നും ബ്രസീൽ ജേതാക്കളാകുന്ന തരത്തിലാണു ടൂർണമെന്റ് രൂപകൽപന ചെയ്‌തതെന്നും ചിലിക്കെതിരായ മത്സരശേഷം പ്രതികരിച്ച മെസി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ കൂട്ടാക്കിയതുമില്ല. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡല്‍ സ്വീകരിക്കാതിരുന്നത്. ഇതാണ് വിലക്കിന് കാരണമായത്.

കോപ്പ അമേരിക്ക മൂന്നാം സ്ഥാനക്കാർക്കായുള്ള ചിലിക്കെതിരായ മത്സരത്തിന്റെ 37മത് മിനിറ്റിൽ ഉണ്ടായ തര്‍ക്കത്തില്‍ മെസിക്കും ചിലി താരം ഗാരി മെഡലിനും റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍