കാത്തിരിപ്പിനൊടുവില്‍ സ്വന്തം മണ്ണില്‍ കൊമ്പന്മാര്‍ കരുത്തു കാട്ടി; മുംബൈക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (20:55 IST)
മൂന്നു മല്‍സരങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. ഹോം മൈതാനത്തെ ആര്‍ത്തലയ്‌ക്കുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒരു ഗോളിനാണ് കൊമ്പന്മാര്‍ ജയിച്ചത്. ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് താരം മൈക്കല്‍ ചോപ്ര 58-മത് മിനിറ്റില്‍ നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

ആവേശകരമായ ആദ്യ പകുതിക്ക് ശേഷം 58മത് മിനില്‍ മഞ്ഞപ്പട കാത്തിരുന്ന ഗോള്‍ വീഴുകയായിരുന്നു. ബോക്‌സിന് മുന്നില്‍നിന്നും ബെല്‍ഫോര്‍ട്ടിന്റെ ഗോള്‍ശ്രമം ഗതിമാറി ചോപ്രയിലേക്കെത്തുകയായിരുന്നു. മുബൈ ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ റോബര്‍ട്ടോയെ കബളിപ്പിച്ച് എതിര്‍ വലയിലേക്ക് പന്ത് തൊടുക്കാന്‍ ചോപ്രയ്‌ക്ക് സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു.

പൊരുതി കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്ന സമയമായിരുന്നു ആദ്യ പകുതി. മുന്നേറ്റനിരയുടെ പിടിപ്പുകേട് പലപ്പോഴും നിഴലിച്ചു നില്‍ക്കുകയും ചെയ്‌തു. ആദ്യപകുതിയില്‍ മുംബൈ സിറ്റിക്ക് മികച്ച ഒരു പ്രകടവും നടത്താന്‍ സാധിച്ചില്ല.

പതിവിനുവിപരീതമായി കാണികളുടെ നിറഞ്ഞ കൈയടികളോടെയാണ് ആദ്യപകുതിക്കുശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇടവേളയ്ക്കു കയറിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഗോള്‍ വീണതും. ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പുറത്തെടുത്ത തകര്‍പ്പന്‍ മുന്നേറ്റങ്ങളാണ് ആരാധകര്‍ക്ക് ആവേശമായത്.
Next Article