മലയാളി താരം സികെ വിനീതിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിൽ നിലനിർത്താൻ തീരുമാനിച്ചു. വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനേയും ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തും. ആരാധകരുടെ ഇഷ്ടതാരമായ സന്ദേശ് ജിങ്കാനെ നിലനിർത്താന്‍ മാനേജ്‌മെന്റ് താല്‍പ്പര്യമെടുത്തില്ല.
വരുന്ന പ്ലെയർ ഡ്രാഫ്റ്റിലൂടെ ജിങ്കാനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നും റിപ്പോർട്ടുണ്ട്. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വെള്ളിയാഴ്ചയ്ക്കകം നല്‍കണമെന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മൽസരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ വിനീത് നേടിയിരുന്നു. കൂടാതെ ഫെഡറേഷൻ കപ്പ് ബെംഗളൂരു എഫ്സിക്കു നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കും വിനീതിന്റേതായിരുന്നു.