ഡിസംബർ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി ഐഎസ്എൽ മൽസരം സമയക്രമം മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ട്. പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മത്സരം നേരത്തേയാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
ഡിസംബർ 26നും 30തിനും ഇടയിലുള്ള ഏതെങ്കിലും ദിവം ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്.
പുതുവർഷമായതിനാൽ കൂടുതൽ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കേണ്ടി വരുമെന്നതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ പൊലീസിനെ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയത്. ഇതിനാല്‍ മത്സരം മാറ്റിവയ്‌ക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.
തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കി. നിലവില്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 31-ന് വൈകിട്ട് 5.30നാണ് കൊച്ചിയില്‍ മത്സരം നടക്കേണ്ടത്.